ഓസ്‌ട്രേലിയയുടെ സൂപ്പര്‍താരമാണ് ഡേവിഡ് വാർണർ. ഭയം കൂടാതെ ബോളര്‍മാരെ കൈകാര്യം ചെയ്യുകയും അതിവേഗം റണ്‍സ് കണ്ടെത്താനുള്ള മിടുക്കുമാണ് അദ്ദേഹത്തിന് കൂടുതല്‍ ആരാധകരെ സമ്മാനിച്ചത്.
സൺറൈസേഴ്സ് ഹൈദരാബാദിന്റെ ക്യാപ്‌റ്റനായ വാര്‍ണര്‍ക്ക് ഐപിഎല്ലിലും ആരാധകര്‍ ഏറെയുണ്ട്. കഴിഞ്ഞ സീസണില്‍ ടീമിനെ ചാമ്പ്യന്മാരാക്കിയതോടെയാണ് അദ്ദേഹത്തിന്റെ താരമൂല്യമേറിയത്.
എന്നാല്‍, ക്രിക്കറ്റ് മൈതാനത്ത് സ്ലെഡ്ജിങ് ഉൾപ്പെടെ നടത്താറുള്ള വാര്‍ണര്‍ ഞായറാഴ്‌ച ഗുജറാത്ത് ലയണ്‍സിനെതിരായ മത്സരത്തില്‍ നടത്തിയ പ്രവര്‍ത്തിയാണ് ആരാധകരുടെ ഹൃദയം കവർന്നത്.
മൽസരത്തിനിടെ എതിർ ടീമിന്റെ ബോളറും മലയാളിയുമായ ബേസിൽ തമ്പിയുടെ കാലിൽനിന്നും തെറിച്ചുപോയ ഷൂ എടുത്തു നൽകിയാണ് വാർണർ വാര്‍ത്തകളില്‍ നിറഞ്ഞത്. റൺ പൂർത്തിയാക്കാനുള്ള ഓട്ടത്തിനിടെയാണ് വാർണർ വീണുപോയ ബോളറുടെ ഷൂ എടുത്തു കൈയിൽ കൊടുത്തത്ത് എന്നതാണ് ഏറെ ശ്രദ്ധേയം.
മോയ്സസ് ഹെൻറിക്വെസ് സിംഗിളിനായി ഓടിയപ്പോള്‍ നോൺ സ്ട്രൈക്കേഴ്സ് എൻഡില്‍ നിന്ന് വാര്‍ണറും ഓടി. ഇതിനിടെ പന്തു പിടിക്കാനായി വലത്തേക്ക് ഡൈവ് ചെയ്യുന്നതിനിടെ ബേസിലിന്റെ ഷൂ തെറിച്ചുപോയി. റണ്ണിനായി ഓട്ടം തുടങ്ങിയ വാർണർ പന്തു നോക്കാതെ ഷൂ എടുത്ത് ബേസിലിന്റെ കൈയിൽ കൊടുത്ത ശേഷം അതിവേഗം ഓടി റൺ പൂർത്തിയാക്കുകയായിരുന്നു.