സനയില്‍ 1500 ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്

ബുധന്‍, 8 ഏപ്രില്‍ 2015 (14:55 IST)
ആഭ്യന്തരയുദ്ധം രൂക്ഷമായ യമനിലെ സനയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ഇന്ന് അവസാനിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ സനയില്‍ ആയിരത്തി അഞ്ഞൂറോളം ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. അതേസമയം പോരാട്ടം നടക്കുന്ന മറ്റ് സ്ഥലങ്ങളില്‍ ഒട്ടേറെ ഇന്ത്യക്കാര്‍ കുടുങ്ങി കിടക്കുന്നതായും, ഇവര്‍ക്ക് സനയിലേക്ക് എത്താന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നുമാണ് റിപ്പോര്‍ട്ട്.

തിരികെ പോകുന്ന നഴ്സുമാരുടെ പാസ്പോര്‍ട്ടും മറ്റും തിരികെ നല്‍കാന്‍ ആശുപത്രികള്‍ തയാറാകുന്നില്ലെന്ന് പരാതിയുണ്ട്. ഇതുകാരണം നിരവധി പേര്‍ക്ക് ഇന്ത്യയിലേക്ക് മടങ്ങാന്‍ കഴിയുന്നില്ല. ഇതിനെ തുടര്‍ന്ന് ഇന്ത്യന്‍ എംബസി ഇടപെടുകയും ചിലര്‍ക്ക് തിരികെ വരാനുള്ള സാഹചര്യം ഒരുങ്ങുകയും ചെയ്തു. നാട്ടിലേക്ക് തിരികെ വരുന്നതിനായി നൂറു കണക്കിന് ഇന്ത്യക്കാര്‍ സന വിമാനത്താവളത്തില്‍ കാത്തു നില്‍ക്കുകയാണ്. പരമാവധി പേരെ ഇന്നു തന്നെ രക്ഷപെടുത്തുമെന്നാണ് എംബസി അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

ഈ സാഹചര്യത്തില്‍ ബാക്കിയുള്ള ഇന്ത്യക്കാരെ കപ്പലില്‍ രക്ഷപ്പെടുത്തും. രക്ഷപെടാന്‍ ആഗ്രഹിക്കുവരെ ഇന്നുതന്നെ ഒഴിപ്പിക്കുമെന്നും വിദേശകാര്യ വക്താവ് അറിയിച്ചു. കടല്‍ വഴിയുള്ള രക്ഷാപ്രവര്‍ത്തനം തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.വിവിധ സ്ഥലങ്ങളിലായി കഴിയുന്ന ഇവരെ ഇന്ത്യയിലെത്തിക്കാന്‍ രണ്ടു ദിവസമെങ്കിലും വേണ്ടിവരും. അതേസമയം തിരിച്ചുപോരാന്‍ തയാറുള്ള ആയിരത്തോളം പേര്‍ കൂടി യമനില്‍ അവശേഷിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവിധ സ്ഥലങ്ങളിലായി കഴിയുന്ന ഇവരെ ഇന്ത്യയിലെത്തിക്കാന്‍ രണ്ടു ദിവസമെങ്കിലും വേണ്ടിവരും.

ഇതേസമയം യമന്‍ - സൌദി അതിര്‍ത്തി പ്രദേശമായ സാദയിലെ അല്‍സലാം ആശുപത്രിയിലുള്ള 86 ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. സനയില്‍നിന്നുള്ള 600 പേരടക്കം 700 ഇന്ത്യക്കാരെയാണ് ഇന്നലെ ജിബൂത്തിയിലെത്തിച്ചത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക