വിമതര്‍ പാരിതോഷികം പ്രഖ്യാപിച്ചു: യെമന്‍ പ്രസിഡന്റ് പലായനം ചെയ്തു
ബുധന്‍, 25 മാര്‍ച്ച് 2015 (19:51 IST)
യെമന്‍ പ്രസിഡന്റ് അബ്ദ് റബ്ബു മന്‍സൂര്‍ ഹദി രാജ്യത്തുനിന്ന് പലായനം ചെയ്തതായി വാര്‍ത്തകള്‍. ഹദിയുടെ വസതിയില്‍ നിന്ന് ഔദ്യോഗികവാഹനനിര പുറപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടതായി ചിലര്‍ അറിയിച്ചതൊടെയാണ് ഹദി പലായനം ചെയ്തതായി ആംശയം ഉയര്‍ന്നത്. ഹദിയെ കാട്ടിത്തരുന്നവര്‍ക്ക് വിമത പക്ഷോഭകരായ ഷിയാകള്‍ ഒരു ലക്ഷം ഡോളര്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പലായന വാര്‍ത്തകളും എത്തിയത്.
യമനിലെ പ്രധാനപ്പെട്ട അല്‍ അനദ് വ്യോമതാവളം പിടിച്ചടക്കിയതായി വിമതര്‍ അവകാശപ്പെട്ടതിനു പിന്നാലെയാണ് ഹദി പലായനം ചെയ്തതായി വാര്‍ത്തകള്‍ പരന്നത്.അതേസമയം ഹദി തന്റെ സൈന്യത്തിന്റെ മേല്‍നോട്ടത്തിലാണെന്ന് പ്രസ്താവിച്ച ഉദ്യോഗസ്ഥര്‍ നിലവില്‍ അദ്ദേഹം എവിടെയെന്ന് വ്യക്തമാക്കിയില്ല. ഹദിയുടെ പ്രതിരോധമന്ത്രി ജനറല്‍ മഹ്‌മൂദ് അല്‍ സുബൈഹി ലാജ് പ്രവിശ്യയില്‍ നടന്ന ഏറ്റുമുട്ടലില്‍ വിമതരുടെ പിടിയിലായിരുന്നു.
അതിനിടെ യമനില്‍ ആഭ്യന്തര സംഘര്‍ഷം കൊടുമ്പിരി കൊണ്ടിരിക്കുകയാണ്. വിമതരായ ഹുദികള്‍ കൂടുതല്‍ മുന്നേറിയതായും അഡെന്‍ പരിസരത്തെ ലാജ് പ്രവിശ്യയുടെ കേന്ദ്രമായ ഹുതയിലെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഹദിയുടെ ആധിപത്യത്തിലുള്ള തേസിലെ സൈനിക ക്യാമ്പിന് സമീപത്തെ വിമാനത്താവളം ഹുദികള്‍ ഞാറാഴ്ചയോടെ പിടിച്ചടക്കി. ഹദി താത്ക്കാലിക തലസ്ഥാനമായി നിലനിര്‍ത്തിയ തുറമുഖനഗരം അല്‍ അനദ് വഴി ഹദി രക്ഷപ്പെട്ടിരിക്കാമെന്നാണ് ഇപ്പോള്‍ വരുന്ന വര്‍ത്തകള്‍.