ഒന്നുകില്‍ വിവാഹം അല്ലെങ്കില്‍ ജയില്. ആക്രമണക്കേസില്‍ പിടിയിലായ പ്രതിക്ക് മുന്‍പില്‍ ജഡ്ജി വച്ച വിചിത്രമായ ഉപാധികളാണ് ഇത്. കിഴക്കന്‍ ടെക്‌സാസിലാണ് സംഭവം. ജോസ്റ്റന്‍ ബണ്ടി(20) എന്ന യുവാവിന് മുന്നിലാണ് സ്മിത് കൗണ്ടി ജഡ്ജി റാണ്ടാല്‍ റോജേഴ്‌സ് വിചിത്രമായ ഉപാധി വച്ചത്.
മാര്‍ച്ച് മാസത്തില്‍ കാമുകി എലിസബത്ത് ജെയിനസിന്റെ(19) മുന്‍ കാമുകനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലാണ് ബണ്ടി അറസ്റ്റിലായത്. മുപ്പത് ദിവസത്തിനുള്ളില്‍ എലിസബത്തിനെ വിവാഹം ചെയ്യുകയോ അല്ലെങ്കില്‍ ആക്രമണ കേസില്‍ പതിനഞ്ച് ദിവസം ജയിലില്‍ കിടക്കുകയോ ചെയ്യണമെന്നാണ് കഴിഞ്ഞ ദിവസം ജഡ്ജി പറഞ്ഞത്. എന്നാല്‍ ജയില്‍ശിക്ഷ അനുഭവിക്കാന്‍ തയ്യാറല്ലാത്ത ബണ്ടി തനിക്ക് വിവാഹം മതിയെന്ന് കോടതിയില്‍ പറഞ്ഞു.
എന്നാല്‍ ഇരുവരേയും വിവാഹത്തിന് നിര്‍ബന്ധിക്കുന്ന ജഡ്ജിയുടെ പരാമര്‍ശം എലിസബത്തിന്റെ അച്ഛന്‍ കെന്നത് ജെയ്‌നസിന് ഇഷ്ടപ്പെട്ടില്ല. അതേ സമയം വൈകാതെ വിവാഹം കഴിക്കണമെന്ന് തീരുമാനിച്ചിരുന്ന കമിതാക്കള്‍ക്ക് ഇരട്ടി മധുരമാണ് സമ്മാനിച്ചത്. ആഗ്രഹിച്ച പോലെ ഇരുവരുടേയും വിവാഹവും നടന്നു.