വിവാഹാലോചനയിലെ ഗൂഢലക്ഷ്യം പുടിന്‍ തിരിച്ചറിഞ്ഞിരുന്നു; ‘മകള്‍ക്ക് നിങ്ങളുടെ മകനെ അറിയില്ലെന്ന് ഗദ്ദാഫിയോട് പുടിന്‍ പറഞ്ഞു’

ഞായര്‍, 3 ജനുവരി 2016 (12:32 IST)
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ പെൺമക്കളിലൊരാളെ തന്റെ മകനെക്കൊണ്ട് വിവാഹം കഴിപ്പിക്കാന്‍ മുന്‍ ലിബിയന്‍ ഏകാധിപതി മുഅമ്മര്‍ ഗദ്ദാഫി ശ്രമിച്ചത് ഗൂഢലക്ഷ്യങ്ങള്‍ മനസില്‍ കണ്ടാണെന്ന് റിപ്പോര്‍ട്ട്. വിവാഹബന്ധത്തിലൂടെ ലിബിയയും റഷ്യയും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനൊപ്പം അമേരിക്കയടക്കമുള്ള ലോകശക്തികള്‍ ഭയത്തോടെ വീക്ഷിക്കുന്ന പുടിനുമായി ചങ്ങാത്തം സ്ഥാപിക്കുക എന്ന ലക്ഷ്യവും ലിബിയന്‍ സ്വേച്ഛാധിപതിക്കുണ്ടായിരുന്നു.

തന്റെ രണ്ടാമത്തെ മകന്‍ സൈഫുല്‍ ഇസ്ലാമിനു വേണ്ടിയാണ് പുടിന്റെ മകളെ ഗദ്ദാഫി വിവാഹമാലോചിച്ചത്. വിവാഹം നടന്നാല്‍ പലതുണ്ട് നേട്ടങ്ങളെന്ന് വ്യക്തമായി അറിയാവുന്ന ഗദ്ദാഫി പ്രധാനമായും മനസില്‍ കണ്ടത് പുടിന്റെ ഇഷ്‌ടക്കാരനാകാമെന്നും അതുവഴി അധികാരം കൂട്ടിയുറപ്പിക്കാമെന്നുമാണ്. അതിനൊപ്പം ലിബിയയും റഷ്യയും തമ്മിലുള്ള ബന്ധം സര്‍വ്വമേഖലകളിലേക്കും വ്യാപിപ്പിക്കാമെന്നുമാണ്. എന്നാല്‍, ലിബിയന്‍ സ്വേച്ഛാധിപതിയുടെ ലക്ഷ്യങ്ങള്‍ മുന്‍‌കൂട്ടി മനസിലാക്കിയ പുടിന്‍ നയതന്ത്രത്തില്‍ വിള്ളല്‍ വീഴ്‌ത്താതെ വിവാഹലോചനയില്‍ നിന്ന് പിന്മാറുകയായിരുന്നു.
തന്റെ മകൾക്ക് ഗദ്ദാഫിയുടെ മകനെ അറിയില്ലെന്നും, അദ്ദേഹവുമായി ഒരു പരിചയവും മകള്‍ക്കില്ലെന്ന് പറഞ്ഞ പുടിൻ വിവാഹ അഭ്യര്‍ഥന നിരസിക്കുകയായിരുന്നു. ഖദ്ദാഫി നേരിട്ടാണ് പുടിന്റെ മുമ്പില്‍ വിവാഹാലോചനയുമായത്തെിയത്.

ഗദ്ദാഫിയുടെ ഉപദേഷ്‌ടാവായ മുഹമ്മദ് അബ്‌ദ് എൽ മൊതലെബ് വിവാഹക്കാര്യം വെളിപ്പെടുത്തിയത്. അല്‍ഹൂനി ‘അല്‍അറബിയ’ക്കു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്. 2011ൽ നാറ്റോയുടെ പിന്തുണയോടെ വിമത സൈന്യം നടത്തിയ ആക്രമണത്തിലാണ് ഗദ്ദാഫി കൊല്ലപ്പെട്ടത്. പിടിയിലായ സെയ്ഫ് അൽ ഇസ്ലാമിന് ജൂലൈയിൽ ട്രിപ്പോളി കോടതി വധശിക്ഷ വിധിച്ചിരുന്നു. നിലവിൽ ലിബിയയിലെ സിൻടാനിൽ ജയിലിലാണ് സെയ്ഫ് ഇസ്ലാം.

വെബ്ദുനിയ വായിക്കുക