80 ലക്ഷവുമായി കള്ളന്‍ ഓടി; കാലിട്ടുവീഴ്ത്തി ജാഫര്‍, ദുബായില്‍ താരമായി വടകര സ്വദേശി

വെള്ളി, 16 ഏപ്രില്‍ 2021 (12:30 IST)
80 ലക്ഷവുമായി കടന്നുകളഞ്ഞ കള്ളനെ സമയോചിതമായ ഇടപെടലിലൂടെ കീഴടക്കി വടകര സ്വദേശി ജാഫര്‍. ദുബായിലാണ് സംഭവം. പണം തട്ടിയെടുത്ത് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച മോഷ്ടാവിന് കാലിട്ടുവീഴ്ത്തിയാണ് ജാഫര്‍ ഒടിവച്ചത്. 
 
ദുബായിലെ ബനിയാ സ്‌ക്വയര്‍ ലാന്‍ഡ് മാര്‍ക് ഹോട്ടലിനു സമീപമുള്ള ഗിഫ്റ്റ് ഷോപ്പിന് അരികെയാണ് മോഷണം നടന്നത്. കടയില്‍ നില്‍ക്കുകയായിരുന്ന ജാഫര്‍ പുറത്ത് ആളുകള്‍ ബഹളം വയ്ക്കുന്നത് കേട്ടാണ് പുറത്തേക്ക് എത്തിയത്. 
 
ഏകദേശം നാല് ലക്ഷത്തോളം ദിര്‍ഹം (80 ലക്ഷം ഇന്ത്യന്‍ രൂപ) ബാങ്കില്‍ നിക്ഷേപിക്കാന്‍ എത്തിയ ആളുടെ ബാഗാണ് മോഷ്ടാവ് തട്ടിപ്പറിച്ചെടുത്തത്. പണമടങ്ങിയ ബാഗുമായി കള്ളന്‍ അതിവേഗം ഓടാന്‍ ശ്രമിക്കുകയും ചെയ്തു. ജാഫര്‍ കള്ളനെ പിടികൂടാന്‍ ശ്രമിച്ചു. ആദ്യം കൈകൊണ്ട് കള്ളനെ പിടിക്കാനാണ് താന്‍ ശ്രമിച്ചതെന്നും ചിലപ്പോള്‍ അയാള്‍ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന് തോന്നിയപ്പോള്‍ കാലിട്ടുവീഴ്ത്തുകയായിരുന്നെന്നും ജാഫര്‍ പറഞ്ഞു. 
 
ഓടുന്നതിനിടെ ജാഫര്‍ കാലിട്ടതോടെ ഏഷ്യന്‍ സ്വദേശി കൂടിയായ മോഷ്ടാവ് നിലത്ത് വീണു. അപ്പോഴേക്കും ആളുകള്‍ ഓടികൂടിയിരുന്നു. നിലത്തുനിന്ന് എഴുന്നേറ്റ് ഓടാനുള്ള സമയം കള്ളന് ലഭിച്ചതുമില്ല. അവിടെ ഉണ്ടായിരുന്നവരെല്ലാം ചേര്‍ന്ന് മോഷ്ടാവിനെ പിടികൂടുകയും പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. 
 
മോഷ്ടാവിനെ പിടികൂടിയതോടെ നാല്‍പ്പതുകാരനായ ജാഫര്‍ ദുബായിലും താരമായി. നിരവധി പേരാണ് ജാഫറിനെ അഭിനന്ദിച്ച് ഫോണ്‍ വിളിക്കുകയും സന്ദേശങ്ങള്‍ അയക്കുകയും ചെയ്തു. എന്നാല്‍, ജാഫറിന് വലിയൊരു വിഷമമുണ്ട്. താന്‍ സമയോചിതമായി ഇടപെട്ടതിലൂടെ മോഷ്ടാവില്‍ നിന്നു പണം തിരിച്ചുകിട്ടിയ ആള്‍ ഒരു നന്ദി വാക്ക് പോലും തന്നോട് പറഞ്ഞില്ലെന്നാണ് ജാഫര്‍ വിഷമത്തോടെ പറയുന്നത്. 
 
ദുബായില്‍ ഒരു ബന്ധുവിന്റെ ജ്യൂസ് കടയില്‍ ജോലിക്ക് എത്തിയതാണ് ജാഫര്‍. വിസിറ്റിങ് വിസയിലാണ് ജാഫര്‍ ദുബായിലെത്തിയത്. റംസാന് ശേഷം പുതിയ ജോലി ആരംഭിക്കാനാണ് ജാഫറിന്റെ തീരുമാനം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍