പാക് ഭീകരര്‍ ഇന്ത്യയെ ആക്രമിക്കാന്‍ തയ്യാറെടുക്കുന്നുവെന്ന് യുഎസ് - ബന്ധം സ്ഥാപിച്ച് ചൈനയും
വെള്ളി, 12 മെയ് 2017 (11:05 IST)
പാകിസ്ഥാന്‍ ആസ്ഥനമാക്കി പ്രവര്‍ത്തിക്കുന്ന ഭീകരസംഘനകള്‍ ഇന്ത്യയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി യുഎസിന്റെ റിപ്പോര്‍ട്ട്.
സ്വന്തം മണ്ണില്‍ വളരുന്ന ഭീകരസംഘടനകളെ ഇല്ലായ്‌മ ചെയ്യാന്‍ പാക് ഭരണകൂടം പരാജയപ്പെട്ടു. ഇന്ത്യയുടെ വളര്‍ച്ചയാണ് പാകിസ്ഥാനെ ആശങ്കപ്പെടുത്തുന്നതെന്നും യുഎസ് ദേശീയ ഇന്റലിജൻസിന്റെ ഡയറക്ടർ ഡാനിയൽ കോട്സ് വ്യക്തമാക്കി.
ഇന്ത്യയിലും അഫ്ഗാനിസ്ഥാനിലും ആക്രമണം നടത്താനാണ് പാക് ഭീകരസംഘടനകള്‍ ആഗ്രഹിക്കുന്നത്. ഇന്ത്യ അമേരിക്കയടക്കമുള്ള രാജ്യങ്ങളുമായി വന്‍ സാമ്പത്തിക ബന്ധം സ്ഥാപിക്കുമ്പോള്‍ തങ്ങള്‍ രാജ്യാന്തര തലത്തിൽ ഒറ്റപ്പെട്ടു പോകുന്നുവെന്ന തിരിച്ചറിവാണ് പാകിസ്ഥാനെ പ്രകോപിപ്പിക്കുന്നതെന്നും സെനറ്റ് സെലക്ട് കമ്മിറ്റിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഡാനിയൽ കോട്സ് വ്യക്തമാക്കുന്നു.
ഒറ്റപ്പെട്ടു പോകുന്നതിന്റെ തിരിച്ചടി മൂലമാണ് പാകിസ്ഥാന്‍ ചൈനയുമായി അടുക്കുന്നതും എന്തു വിലകൊടുത്തും ബന്ധം സ്ഥാപിക്കുന്നതും. അതേസമയം, പാകിസ്ഥാന്റെ വ്യാകുലതകള്‍ ചൂഷണം ചെയ്‌ത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ സ്വാധീനം ശക്തമാക്കാനാണ് ചൈനയുടെ നീക്കം.