യുഎൻ രക്ഷാസമിതി പരിഷ്കാരം: ആലോചനാ രേഖ ഇന്ന് പൊതുസഭയിൽ
തിങ്കള്‍, 14 സെപ്‌റ്റംബര്‍ 2015 (08:53 IST)
ഐക്യരാഷ്ട്ര സംഘടന രക്ഷാസമിതിയിൽ കാലോചിത പരിഷ്കാരം വരുത്തുന്നതുമായി ബന്ധപ്പെട്ട കരടുരേഖ പൊതുസഭ അധ്യക്ഷൻ സാം കുറ്റേസ ഇന്ന് അവതരിപ്പിക്കും. ഇന്ത്യ ഏറെക്കാലമായി ആവശ്യപ്പെടുന്ന കാര്യമാണ് രക്ഷാസമിതി പരിഷ്കാരം. രക്ഷാസമിതിയില്‍ മാത്രമല്ല, സ്ഥിരാംഗങ്ങളുടെ എണ്ണത്തിലും വര്‍ധനവുണ്ടാകണമെന്നാണ് ഇന്ത്യയുടെ ആവശ്യം. രക്ഷാസമിതിയിലെ സ്ഥിരാംഗത്വം ഇന്ത്യയുടെ ഏറെനാളത്തെ ആവശ്യമാണ്.
യുഎന്‍ ന്‍പൊതുസഭയുടെ അറുപത്തി ഒമ്പതാം സമ്മേളനമാണ് ഇന്ന്. കരട് അവതരണത്തോടെ സമ്മേളനം അവസാനിക്കും, നാളെ ഇതുമായി ബന്ധപ്പെട്ട് വോട്ടെടുപ്പ് നടക്കും. വോട്ടെടുപ്പില്‍ വിജയിച്ചാല്‍ രക്ഷാസമിതി പരിഷ്കാരം സംബന്ധിച്ച സർക്കാർതല ചർച്ചകളുടെ അടിസ്ഥാനമായി ഇതു മാറും. ശ്രീലങ്കയിൽ തമിഴ് പുലികൾക്കെതിരെയുള്ള പോരാട്ടവുമായി ബന്ധപ്പെട്ട യുദ്ധക്കുറ്റങ്ങളെക്കുറിച്ച് ആഭ്യന്തര അന്വേഷണം വേണമെന്ന നിലപാടിനെ പിന്തുണയ്ക്കുന്ന പ്രമേയം യുഎസ് ഇന്ന് യുഎൻ മനുഷ്യാവകാശ സമിതിയിൽ അവതരിപ്പിക്കും.
നേരത്തെ അന്താരാഷ്ട്ര അന്വേഷണം വേണമെന്നാണ് അമേരിക്ക ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ആഭ്യന്തര അന്വേഷണത്തിലേക്ക് ആവശ്യം ചുരുക്കിയ യുഎസ് പ്രമേയത്തെ പിന്തുണയ്ക്കരുതെന്നു ഡിഎംകെ അധ്യക്ഷൻ എം കരുണാനിധി പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേവിഷയത്തില്‍ കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച പ്രമേയത്തില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു.