ഇസ്രയേലുമായുള്ള വ്യാപാര ചര്‍ച്ചകള്‍ നിര്‍ത്തിവച്ചതായി യുകെ. കൂടാതെ ഇസ്രയേലി അംബാസിഡറെ വിളിച്ചു വരുത്തുകയും ചെയ്തു. ആക്രമണം അവസാനിപ്പിക്കുകയും ഗാസയിലേക്ക് സഹായം എത്തുന്നത് തടയുന്നത് തുടരുകയും ചെയ്താല്‍ ഉപരോധങ്ങള്‍ ഉള്‍പ്പെടെയുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് യുകെ, ഫ്രാന്‍സ്, കാനഡ എന്നീ രാജ്യങ്ങള്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് യുകെ ഇസ്രായേലുമായുള്ള വ്യാപാര ചര്‍ച്ചകള്‍ നിര്‍ത്തിവച്ചതായി പ്രഖ്യാപിച്ചത്.
യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. നെതന്യാഹു സര്‍ക്കാര്‍ ഗാസയിലെ ജനങ്ങളെ അവരുടെ വീടുകളില്‍ നിന്ന് ആട്ടി ഓടിക്കാന്‍ പദ്ധതിയിടുന്നുവെന്നും സ്ഥിതി അസഹനീയവും വളരെ മോശവുമാണെന്നും ഡേവിഡ് ലാമി പറഞ്ഞു. തിങ്കളാഴ്ച യുകെ, ഫ്രാന്‍സ്, കാനഡ എന്നീ രാജ്യങ്ങളുടെ തലവന്മാര്‍ സംയുക്ത പ്രസ്താവനയിലൂടെയാണ് ഇസ്രയേലിനു മുന്നറിയിപ്പ് നല്‍കിയത്. ഗാസയിലേക്കുള്ള സഹായം തടഞ്ഞുകൊണ്ട് അന്താരാഷ്ട്ര മാനുഷിക നിയമം ചൂണ്ടിക്കാട്ടിയായിരുന്നു മുന്നറിയിപ്പ്.