ചരിത്രത്തില്‍ ആദ്യമായി ഒരു അറബ് രാഷ്ട്രം ബഹിരാകാശ പദ്ധതി പ്രഖ്യാപിച്ചു. യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) ആണ് ബൃഹത് ബഹിരാകാശ പദ്ധതി പ്രഖ്യാപിച്ചത്. വെല്ലുവിളികള്‍ ഏറെയുള്ള ചൊവ്വാ ദൌത്യത്തിനാണ് യുഎഇ തയ്യാറെടുക്കുന്നത്. 'എമിറേറ്റ്‌സ് മാര്‍സ് മിഷന്‍' എന്നാണ് പദ്ധതിയുടെ പേര്. ചൊവ്വയിലെ അന്തരീക്ഷത്തെക്കുറിച്ചുള്ള സമഗ്രപഠനം ലക്ഷ്യമിട്ടുകൊണ്ടുള്ള പേടകത്തിന്റെ വിക്ഷേപണം 2020 ജൂലായിലായിരിക്കും നടക്കുക.
പേടകത്തിന് പ്രതീക്ഷ എന്നര്‍ഥംവരുന്ന അല്‍ അമല്‍ എന്നാണ് പേരിട്ടിരിക്കുന്നത്. പേടകത്തില്‍നിന്നു ലഭിക്കുന്ന വിവരങ്ങള്‍ ഭൂമിയില്‍ പഠനവിധേയമാക്കും. ലഭിക്കുന്ന വസ്തുതകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 200 സര്‍വകലാശാലകള്‍ക്കും ഗവേഷണസ്ഥാപനങ്ങള്‍ക്കും ലഭ്യമാക്കും. 2014ല്‍ യുഎഇ വാര്‍ഷിക ദിനത്തില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ ഉണ്ടായിരുന്നു. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് ഇന്നലെ ഔദ്യോഗികമായി ദൌത്യം പ്രഖ്യാപിച്ചത്.
എന്നാല്‍ യുഎഇയ്ക്ക് കാര്യങ്ങള അത്ര എളുപ്പമല്ല. ഇതേവരെ ഒരു പേടകമോ, റോക്കറ്റോ പോലും വിക്ഷേപിച്ചിട്ടില്ലാത്ത രാജ്യമാണ് യുഎഇ. കഴിഞ്ഞ വര്‍ഷമാണ് ചൊവ്വാ ദൌത്യത്തിനായി സ്പേസ് ഏജന്‍സി രൂപീകരിച്ചതുപോലും. എന്നാല്‍ തങ്ങളുടെ പേടകം ഏഴ് മാസങ്ങള്‍ കൊണ്ട് ചൊവ്വയിലെത്തുമെന്നാണ് യുഎഇ അവകാശപ്പെടുന്നത്. നിലവില്‍ ഇമാറാത്തികളായ 75പേരടങ്ങുന്ന സംഘമാണ് ദൗത്യത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. 2020 ആകുമ്പോഴേക്കും പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവരുടെ എണ്ണം 150 ആകും.