'ടുവാലു' അഥവാ കടലില്‍ മുങ്ങിമരിക്കാന്‍ പോകുന്ന ആദ്യത്തെ രാജ്യം..!
വ്യാഴം, 9 ജൂലൈ 2015 (12:55 IST)
ലോകത്തെ ഏറ്റവും ചെറിയ നാലാമത്തെ രാജ്യമാണ് ടുവാലു. എന്നാല്‍ കേവലം കുറെ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ രാജ്യം ഭൂമുഖത്തുനിന്ന് എന്നെന്നേക്കുമായി അപ്രത്യക്ഷമാകും. ചെറുദ്വീപുകളുടെ കൂട്ടമായ ടുവാലുവിന്റെ നിലനില്‍പ്പിന് ഭീഷണിയാകുന്നത് ആഗോളതാപനത്തെയും കാലവസ്ഥാ വ്യതിയാനത്തെയുംതുടര്‍ന്ന് സുമദ്രനിരപ്പ് ക്രമാതീതമായി ഉയരുന്നതാണ്.
10000ത്തോളം മാത്രം പൌരന്മാരുള്ള ഈ രാജ്യം എപ്പോള്‍ വേണമെങ്കിലും കടലെടുക്കാം എന്ന തരത്തിലാണ്. സമുദ്രനിരപ്പില്‍ നിന്ന് ഇപ്പോള്‍ വെറും നാലു മില്ലി മീറ്റര്‍ മാത്രം ഉയരത്തിലാണ് ടുവാലു സ്ഥിതി ചെയ്യുന്നത്. ആഗോളതാപനം നിലവിലുള്ള 2 ഡിഗ്രി സെല്‍ഷ്യസില്‍ നിന്ന് സുരക്ഷിതമായ 1.5 ഡിഗ്രി സെല്‍ഷ്യസിലേക്ക് കുറച്ചുകൊണ്ടുവന്നില്ലെങ്കില്‍ ടുവാലുവിനൊപ്പം പസഫിക്കിലെ നിരവധി ദ്വീപുകള്‍ കടലിനടിയിലാകും.
ഈ സാഹചര്യത്തില്‍ സഹായഭ്യര്‍ഥനയുമായി യൂറോപ്യന്‍ യൂണിയനെ സമീപിച്ചിരിക്കുകയാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി എനലെ സ്പോഗ. ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളല്‍ കുറയ്ക്കണമെന്ന ആവശ്യവുമായാണ് ഇദ്ദേഹം യൂറോപ്യന്‍ യൂണിയനെ സമീപിച്ചിരിക്കുന്നത്.