ജയിലില്‍ സ്ഥലമില്ല; 38,000 തടവുകാരെ വിട്ടയക്കുന്നു

വ്യാഴം, 18 ഓഗസ്റ്റ് 2016 (09:43 IST)
തടവുപുള്ളികളെ പാര്‍പ്പിക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ തടവുകാരെ മോചിപ്പിക്കാനൊരുങ്ങുകയാണ് തുര്‍ക്കി. ജയിലിലെ 38,000 തടവുകാരെയാണ് ഉപാധികളോടെ വിട്ടയക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്.  നീതിന്യായ വകുപ്പ് മന്ത്രി ബകിര്‍ ബെസ്ദാഗാണ് സര്‍ക്കാറിന്റെ പുതിയ നീക്കം വെളിപ്പെടുത്തിയത്. പട്ടാള അട്ടിമറിശ്രമത്തിന് പിന്നാലെ പിടിയിലായ ആയിരക്കണക്കിനാളുകളെ താമസിപ്പിക്കാന്‍ ജയിലുകളില്‍ സ്ഥലമില്ലാത്ത അവസ്ഥ പരിഹരിക്കുന്നതിനാണ് തടവുകാരെ വിട്ടയക്കുന്നത്.
 
തടവുകാലത്തിന്റെ പകുതി കഴിഞ്ഞവരും രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയവരും പരോളിന് അര്‍ഹതയുള്ള ആളുകളെയാണ് വിട്ടയക്കുന്നതിന് പരിഗണിക്കുന്നത്. കൊലപാതകം, ഗാര്‍ഹിക പീഡനം, ലൈംഗിക കുറ്റകൃത്യങ്ങള്‍, തീവ്രവാദം, രാജ്യത്തിനെതിരായ മറ്റു കുറ്റകൃത്യങ്ങള്‍ എന്നീ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരെ വിട്ടയക്കില്ല. ജുലൈ മാസത്തിന് മുമ്പ് ജയിലകപ്പെട്ടവരെ മാത്രമാണ് ഇതിന് പരിഗണിക്കുക. ഇത്തരത്തില്‍ 38,000 പേരെ വിട്ടയക്കേണ്ടിവരുമെന്ന് നീതിന്യായ വകുപ്പ് മന്ത്രി ട്വിറ്ററിലൂടെയാണ് അറിയിച്ചത്.
 
എന്നാല്‍, സ്ഥിരമായ മാപ്പുനല്‍കലല്ല ഇതെന്നും ഉപാധികളോടെയുള്ള വിട്ടയക്കലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂലൈ 15ന് നടന്ന പട്ടാള അട്ടിമറിശ്രമത്തെ തുടര്‍ന്ന് 35,000 പേരെ ചോദ്യംചെയ്യാനായി തുര്‍ക്കി പൊലീസ്  പിടികൂടിയിരുന്നു. ഇതില്‍ 17,000 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റുള്ളവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

വെബ്ദുനിയ വായിക്കുക