കുരിശിലേറ്റപ്പെട്ടശേഷം ക്രിസ്‌തുവിന്റെ ശരീരം പൊതിഞ്ഞുസൂക്ഷിച്ചതെന്നു വിശ്വസിക്കപ്പെടുന്ന ടുറിനിലെ വസ്ത്രം നിര്‍മ്മിച്ചത് ഇന്ത്യയിലായിരിക്കാമെന്ന് നിഗമനം. വസ്ത്രത്തില്‍ നിന്ന് ശേഖരിച്ച പൊടികണങ്ങളുടെ ഡിഎൻഎ പരിശോധനയിലാണു മെഡിറ്ററേനിയൻ മേഖലയിൽ കണ്ടുവരുന്ന വിവിധസസ്യങ്ങളുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിലാണു തുണി നിർമിച്ചത് ഇന്ത്യയിലാണെന്ന കണ്ടെത്തലുണ്ടായത്.
ഇറ്റലിയിലെ യൂണിവേഴ്സിറ്റി ഓഫ് പഡോവയിലെ സസ്യജനിതക ഗവേഷണവിഭാഗത്തിലെ ഡോ. ജാന്നി ബർക്കാഷയുടെ നേതൃത്വത്തിൽ നടത്തിയ പഠനം സയന്റിഫിക് റിപ്പോർട്സ് ജേണലിലാണു പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെട്ട വസ്ത്രം പിന്നീട് പശ്ചിമേഷ്യ വഴി ഇറ്റലിയിലെത്തിയതാണെന്നും പുതിയ ഗവേഷണഫലം അവകാശപ്പെടുന്നു.
ടുറിനിലെ കത്തീഡ്രലിൽ സൂക്ഷിച്ചിട്ടുള്ള തിരുവസ്ത്രത്തിന്റെ ആധികാരികത സംബന്ധിച്ചു വത്തിക്കാൻ പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും ക്രൈസ്‌തവലോകം പൂർണ ആദരവോടെ വണങ്ങുന്ന പ്രധാന ചരിത്ര അവശേഷിപ്പാണിത്. 1988ൽ രാജ്യാന്തര സംഘം നടത്തിയ കാർബൺ 14 പരിശോധനയിൽ തുണിയുടെ കാലം 1260നും 1390നും ഇടയിലാണെന്നു കണ്ടെത്തിയിരുന്നു. എന്നാൽ 2005ൽ നടത്തിയ മറ്റൊരു പഠനം 1300–3000 വർഷം പഴക്കം അവകാശപ്പെട്ടിരുന്നു.