ജപ്പാനില്‍ റിക്ടര്‍ സ്കെയിലില്‍ 6.8 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കി. ജപ്പാന്റെ പടിഞ്ഞാറന്‍ തീരമായ യമഗാട്ടയിലാണ് ഭുചലനമുണ്ടായത്. കടലില്‍ നിന്നും തിരമാലകള്‍ 3.3 മീറ്റര്‍ ഉയരാന്‍ സാധ്യതയുണ്ടെന്നും ജപ്പാന്‍ കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇതിനെ തുടര്‍ന്ന് രണ്ട് ബുള്ളറ്റ് ട്രെയിനുകള്‍ റദ്ദാക്കുകയും കാഷിവസാകി-കാരിവ ആണവ വൈദ്യുത നിലയത്തിലെ ഏഴ് റിയാട്കറുകള്‍ അടയ്ക്കുകയും ചെയ്തു.
സമുദ്രത്തില്‍ ഏകദേശം 10 കിലോമീറ്റര്‍ അടിയിലാണ് ഭൂചലനമുണ്ടായത്. തീരപ്രദേശങ്ങളായ യമഗാട്ട, നിഗാട്ട, ഇഷികാവ തുടങ്ങിയ നഗരങ്ങളില്‍ സുനാമിയുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അവസാനമായി 2011 മാര്‍ച്ച് 11നാണ് ജപ്പാനെ പിടിച്ചുകുലുക്കിയ ഭൂചലനവും സുനാമിയുമുണ്ടായത്. അന്നുണ്ടായ സുനാമിയില്‍ ഫുക്കുഷിമ ആണവ നിലയം തകരുകയും ഏകദേശം 18000 പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.