ട്രംപിന് മോദിയുമായി അടുത്ത വ്യക്തി ബന്ധം ഉണ്ടായിരുന്നു; തീരുവ തര്‍ക്കത്തില്‍ ആ ബന്ധമില്ലാതായതില്‍ ഖേദമുണ്ടെന്ന് അമേരിക്കന്‍ മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 5 സെപ്‌റ്റംബര്‍ 2025 (10:32 IST)
ഡൊണാള്‍ഡ് ട്രംപിന് പ്രധാനമന്ത്രി മോദിയുമായി അടുത്ത വ്യക്തി ബന്ധം ഉണ്ടായിരുന്നുവെന്നും തീരുവ തര്‍ക്കത്തില്‍ ആ ബന്ധമില്ലാതായതില്‍ ഖേദം ഉണ്ടെന്ന് അമേരിക്കന്‍ മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ട്രംപ് 50 ശതമാനം തീരുവ ചുമത്തിയതിന് പിന്നാലെയാണ് ബോള്‍ട്ടിന്റെ പ്രസ്താവന വന്നത്. 
 
ട്രംപിന് മോദിയുമായി വ്യക്തിപരമായ നല്ല ബന്ധം ഉണ്ടായിരുന്നു. എന്നാല്‍ അതിപ്പോള്‍ ഇല്ലാതായി. എല്ലാവര്‍ക്കും ഇതൊരു പാഠമാണ്- അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ് വാര്‍ത്താമാധ്യമമായ എല്‍ബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് ബോള്‍ട്ടന്‍ ഇക്കാര്യം പറഞ്ഞത്. അതേസമയം ഇന്ത്യയോടും ചൈനയോടുമുള്ള ട്രംപിന്റെ സമീപനത്തില്‍ വിമര്‍ശനവുമായി റഷ്യന്‍ പ്രസിഡന്റ് പുടിന്‍ രംഗത്തെത്തി. ഷാങ്ഹായി കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിക്ക് ശേഷം മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സാമ്പത്തികമായ സമ്മര്‍ദ്ദത്തിലൂടെ ഏഷ്യയിലെ രണ്ടു വലിയ ശക്തികളെ വരുത്തിയില്‍ നിര്‍ത്താനാണ് അമേരിക്ക ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
 
റഷ്യയുടെ പങ്കാളികളായ ഈ രാജ്യങ്ങളിലെ ഭരണാധികാരികളെ ഭീഷണിപ്പെടുത്താനാണ് ട്രംപ് ശ്രമിക്കുന്നത്. 150 കോടി ജനങ്ങളുള്ള ഇന്ത്യ, ശക്തമായ സമ്പത്ത് വ്യവസ്ഥയുള്ള ചൈന ഇവര്‍ക്ക് അവരുടേതായ ആഭ്യന്തര സംവിധാനങ്ങളും നിയമങ്ങളും ഒക്കെയുണ്ടെന്നും ആ വലിയ രാജ്യങ്ങളുടെ നേതൃത്വത്തിന് എങ്ങനെയൊക്കെ പ്രതികരിക്കാന്‍ കഴിയുമെന്ന് ട്രംപ് ഓര്‍ക്കണമെന്നും പുടിന്‍ പറഞ്ഞു.
 
കൊളോണിയലിസം കഴിഞ്ഞുവെന്ന് അമേരിക്ക മനസ്സിലാക്കണമെന്നും പങ്കാളികളായ രാജ്യങ്ങളോട് ഇത്തരത്തില്‍ പെരുമാറാനാകില്ലെന്ന് അവര്‍ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍