അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ ഇംപീച്ച്‌മെന്റ് വിചാരണയില്‍ നിന്ന് യുഎസ് സെനറ്റ് കുറ്റവിമുക്തനാക്കി. ജനപ്രതിനിധിസഭ ട്രംപിനെതിരെ ചുമത്തിയ അധികാരദുര്‍വിനിയോഗം, കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തി എന്നീ കുറ്റങ്ങള്‍ സെനറ്റ് വോട്ടെടുപ്പിലൂടെയാണ് തള്ളിയത്. അധികാര ദുര്‍വിനിയോഗം കുറ്റത്തില്‍ നിന്ന് 48നെതിരെ 52 വോട്ടുകള്‍ക്കും കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയെന്ന കുറ്റത്തില്‍ നിന്ന് 47-നെതിരെ 53 വോട്ടുകള്‍ക്കുമാണ് കുറ്റവിമുക്തനാക്കിയത്.
ട്രംപിനെതിരായ ആദ്യ ഇംപീച്ച്‌മെന്റ് പ്രമേയത്തെ ഒരു റിപ്പബ്ലിക്കന്‍ സെനറ്റര്‍ അനുകൂലിച്ചു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് മിറ്റ്റോംനിയാണ് വോട്ടിങ്ങില്‍ ട്രംപിനെ പുറത്താക്കാനുള്ള പ്രമേയത്തെ അനുകൂലിച്ചത്. ജനപ്രതിനിധി സഭയില്‍ ഇംപീച്മെന്റ് പാസാകാന്‍ കേവലഭൂരിപക്ഷം മതി. എന്നാല്‍ സെനറ്റിലെ വിചാരണയില്‍ പ്രസിഡന്റിനെ പുറത്താക്കാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണ്ടിയിരുന്നു. ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് 47 അംഗങ്ങള്‍ മാത്രമാണ് സെനറ്റിലുള്ളത്.