ജപ്പാന്റെ വടക്കേ അറ്റത്തുള്ള കമി - ഷിറാട്ടക്കി റെയില്‍വേ സ്റ്റേഷനില്‍ കുറച്ചു വര്‍ഷങ്ങളായി പ്രദേശവാസിയും ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുമായ ഒരു യാത്രക്കാരി മാത്രം. അതിലൂടെ പോകുന്ന ട്രെയിന് ദിവസത്തില്‍ രണ്ട് തവണ മാത്രമേ അവിടെ നിര്‍ത്തേണ്ടി വരുന്നുള്ളൂ. രാവിലെ അവളെ സ്‌കൂളിലേക്ക് കൊണ്ടു പോകുവാനും, വൈകിട്ട് സ്‌കൂള്‍ വിട്ടു വരുമ്പോള്‍ അവളെ ഇറക്കാനും. സമയനിഷ്ഠ കൊണ്ടും കാര്യക്ഷമത കൊണ്ടും ലോകപ്രശസ്തമായ ജപ്പാനീസ് റെയില്‍വേയ്ക്ക് ഇപ്പോള്‍ ഒരു പൊന്‍തൂവല്‍ കൂടിയാകുന്നു വിദ്യാര്‍ത്ഥിനിയായ ഈ യാത്രക്കാരിക്ക് നല്‍കുന്ന സമാനതകളില്ലാത്ത ഈ സേവനം.
യാത്രക്കാരുടെ എണ്ണത്തില്‍ വന്ന കുറവുകാരണം മൂന്ന് വര്‍ഷം മുന്‍പ് കമി-ഷിറാട്ടക്കി റെയില്‍വേ സ്‌റ്റേഷന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ജപ്പാന്‍ റെയില്‍വേസ് അധികൃതര്‍ തീരുമാനിച്ചിരുന്നു. ഒറ്റപ്പെട്ട പ്രദേശമായ ആ സ്റ്റേഷനില്‍ ചരക്ക് തീവണ്ടികള്‍ക്ക് മാത്രമായിരുന്നു സ്റ്റോപ്പ് ആവശ്യമായി വന്നത്. സ്‌റ്റേഷന്‍ അടച്ചു പൂട്ടാന്‍ തീരുമാനിച്ച സമയത്ത് ദിവസവും സ്‌റ്റേഷനിലെത്തുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിനി അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടു. സ്റ്റേഷന്‍ അടച്ചു പൂട്ടുന്നതോടെ പെണ്‍കുട്ടിയ്ക്ക് ദൂരെയുള്ള സ്‌കൂളിലെത്താനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് അവളുടെ സ്‌കൂള്‍ പഠനം പൂര്‍ത്തിയാകും വരെ റെയില്‍വേ സ്റ്റേഷന്‍ പ്രവര്‍ത്തിപ്പിക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.
ജപ്പാനിലെ സിസി ടിവി ഈ വാര്‍ത്ത ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തതോടെ ജപ്പാന്‍ റെയില്‍വേസിനേയും സര്‍ക്കാരിനേയും അഭിനന്ദനങ്ങള്‍ കൊണ്ടുമൂടുകയാണ് അവിടത്തെ ജനത. ജനസംഖ്യയില്‍ നെഗറ്റീവ് വളര്‍ച്ച കാണിക്കുന്ന ജപ്പാനിലെ പല റെയില്‍വേ സ്റ്റേഷനുകളും അടച്ചു പൂട്ടികൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ ഓരോ പൗരന്‍മാരുടെയും സംതൃപ്തിക്കും സന്തോഷത്തിനുമായി പ്രവര്‍ത്തിക്കുന്ന ജപ്പാന്‍ റെയില്‍വേസിന്റെയും സര്‍ക്കാരിന്റെയും സേവനം ഏതു കാലത്തും ഓര്‍മ്മിക്കപ്പെടാനുള്ള വസ്തുത തന്നെ ആയിരിക്കും.