‘കത്തിവീശി ഭീഷണിപ്പെടുത്തി, മുഖം ഇടിച്ചു തകര്‍ത്തു’; വിദ്യാര്‍ഥികളുടെ ആക്രമണം ഭയന്ന് അധ്യാപകര്‍ സമരത്തില്‍
തിങ്കള്‍, 1 ജൂലൈ 2019 (13:10 IST)
വിദ്യാര്‍ഥികളുടെ ആക്രമണം രൂക്ഷമായതിനാല്‍ സ്‌കൂളില്‍ സുരക്ഷ ആവശ്യപ്പെട്ട് അധ്യാപകരുടെ പ്രതിഷേധം. ബ്രിട്ടനിലെ ഉന്നത നിലവാരമുള്ള ഒരു സ്കൂളുകളിലെ 122 അധ്യാപകരിൽ 16 പേരാണ് പ്രധാന കവാടത്തിന് മുന്നില്‍ പിക്കറ്റിങ് നടത്തിയത്.
കുട്ടികളുടെ ആക്രമണം രൂക്ഷമാണെന്നും നടപടി ആവശ്യമാണെന്നുമാണ് മാനേജ്‌മെന്റിനോടും അധികൃതരോടും അധ്യാപകര്‍ ആവശ്യപ്പെടുന്നത്. കത്തി പോലുള്ള ആയുധങ്ങളുമായിട്ടാണ് കുട്ടികള്‍ ക്ലാസില്‍ എത്തുന്നതെന്നും ആക്രമവാസനയുള്ള കുട്ടികളെ പുറത്താക്കിയ ശേഷം തിരിച്ചെടുത്തു എന്നും അധ്യാപകര്‍ ആരോപിച്ചു.
12 ഇഞ്ച് നീളമുള്ള കത്തിയുമായി ക്ലാസിലെത്തി അധ്യാപകനെ ഭീഷണിപ്പെടുത്തിയ വിദ്യാർഥിയെ ആണ് പുറത്താക്കിയ ശേഷം തിരിച്ചെടുത്തത്. ഒരു വിദ്യാര്‍ഥിയുടെ ആക്രമണത്തില്‍ ഒരു അധ്യാപകന്റെ ചുണ്ടിന് ഗുരുതരമായി പരുക്കേറ്റു. ഈ അധ്യാപകനും പ്രതിഷേധിക്കാന്‍ രംഗത്തുണ്ടായിരുന്നു.
‘തേഴ്സ്ഡേ ഫൈറ്റ് ഡേ’ എന്ന പേരിൽ കൂട്ടത്തല്ല് നടക്കുന്ന വ്യാഴാഴ്‌ച ദിവസമാണ് സ്‌കൂളില്‍ കൂടുതല്‍ ആക്രമണം നടക്കുന്നത്. ഉച്ചത്തിൽ അലറി ചീറിപ്പാഞ്ഞു വരുന്ന കുട്ടികള്‍ ഇടിച്ചു തെറിപ്പിക്കുമെന്നും തരം കിട്ടിയാല്‍ മുഖം ഇടിച്ചു തകര്‍ക്കുമെന്നും അധ്യാപകര്‍ പറഞ്ഞു.
അധ്യാപകരുടെ ആരോപണം തെറ്റാണെന്നും സ്‌കൂള്‍ മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും മാനേജ്‌മെന്റ് പറഞ്ഞു. നടപടി സ്വീകരിച്ചില്ലെങ്കില്‍ ഈ മൂന്നിന് വീണ്ടും സമരം നടത്തുമെന്നും അധ്യാപകർ മുന്നറിയിപ്പ് നല്‍കി.