സൌരയൂഥത്തില്‍ മറഞ്ഞുകിടന്ന മഹാസമുദ്രത്തെ കണ്ടെത്തി...!

വെള്ളി, 13 മാര്‍ച്ച് 2015 (14:38 IST)
ഭൂമിക്ക് പുറത്ത് നിലവില്‍ ജീവയോഗ്യമാ‍യ ഗ്രഹങ്ങള്‍ മനുഷ്യന്‍ ഇതേവരെ കണ്ടെത്തിയിട്ടില്ല. എന്നാല്‍ കൊണ്ടുപിടിച്ച അന്വേഷനങ്ങള്‍ നടക്കുന്നുണ്ടുമുണ്ട്. നമ്മുടെ തൊട്ടയല്‍‌പക്കത്തെ ഗ്രഹമായ ചൊവ്വയില്‍ അതിനുള്ള അന്വേഷനങ്ങളും പരീക്ഷണങ്ങളും നടന്നുകൊണ്ടേയിരിക്കുന്നു. എന്നാല്‍ ദൌര്‍ഭാഗ്യത്തിന് യാതൊരു പ്രതീക്ഷയും ഇതുവരെ കിട്ടിയിട്ടുമില്ല. എന്നാല്‍ ബഹിരാകാശ ഗവേഷകരെ ആവേശത്തിലാഴ്ത്തുന്ന മറ്റൊരു സുപ്രധാന വിവരം ലഭിച്ചിരിക്കുന്നു. മറ്റൊന്നുമല്ല സൌരയുഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹമായ ഗാനിമിഡില്‍ ജീവയോഗ്യമായ സാഹചര്യമുണ്ടെന്നാണ് ഇപ്പോള്‍ വന്നിരിക്കുന്ന വിവരങ്ങള്‍.
 
വ്യാഴത്തിന്റെ ഉപഗ്രഹമായ ഗാനിമിഡില്‍ ഒരു വലിയ സമുദ്രം മറഞ്ഞുകിടക്കുന്നു എന്നാണ് ഇപ്പോള്‍ വന്നിരിക്കുന്ന സൂചനകള്‍. ബഹിരാകാശ നിരീക്ഷണത്തിനായി വിക്ഷേപിച്ചിരിക്കുന്ന ഹബ്ബില്‍ സ്പേസ് ടെലിസ്കോപ് നല്‍കിയ വിവരങ്ങളില്‍ നിന്നാണ് ആ ഗ്രഹത്തില്‍ ഉറഞ്ഞുകിടക്കുന്ന മഞ്ഞിനടിയില്‍ വലിയൊരു സമുദ്രം മറഞ്ഞുകിടക്കുന്നതായി സൂചന ലഭിച്ചിരിക്കുന്നത്. മറ്റ് ഉപഗ്രഹങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ഗാനിമിഡിന് സ്വന്തമായി ഒരു കാന്തിക മണ്ഡലമുണ്ട്. ഈ കാന്തിക മണ്ഡലം നിരീക്ഷച്ചതില്‍ നിന്നാണ് അതില്‍ ലവണാംശം നിറഞ്ഞ സമുദ്രമുണ്ടാകാന്‍ സാധ്യതയുള്ളതായി തെളിഞ്ഞത്.
 
ഗാനിമീഡിന്റെ കാന്തികമണ്ഡലത്തെയാണ് ഹബ്ബിള്‍ സ്‌പേസ് ടെലസ്‌കോപ്പ് സസൂക്ഷ്മം നിരീക്ഷിച്ചത്. ആ നീരീക്ഷണ ഡേറ്റയില്‍നിന്ന് ഉപഗ്രഹത്തിന്റെ ആന്തരഘടന നിരൂപിച്ചെടുക്കാന്‍ ഗവേഷകര്‍ക്കായി. ലണംശമുള്ള സമുദ്രം ഉപഗ്രഹത്തിലുണ്ടെന്ന നിഗമനത്തിലെത്തിയത് അങ്ങനെയാണ്. ഗാനിമീഡിലെ സമുദ്രത്തിന് 330 കിലോമീറ്ററില്‍ കൂടുതല്‍ ആഴമുണ്ടാകാന്‍ സാധ്യതയില്ലെന്ന്, പഠനത്തിന് നേതൃത്വം നല്‍കിയ ജര്‍മനിയിലെ കൊളോണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകന്‍ ജോഹിം സൗര്‍ പറഞ്ഞു. ജീവന്റെ നിലനില്‍പ്പിന് ഏറ്റവും വേണ്ടപ്പെട്ട ഘടകമാണ് ജലസാന്നിധ്യം. അത് ഗാനിമിഡില്‍ ഉണ്ടെന്ന് വന്നാല്‍ വാസയോഗ്യമായ മറ്റൊരു ഗ്രഹം കൂടി കണ്ടെത്തലാണ്.
 
ഗാനിമീഡില്‍ സമുദ്രമുണ്ടെന്ന സൂചന അതുകൊണ്ട് തന്നെ ഗവേഷകരെ ആവേശംകൊള്ളിക്കുന്നു. നാസയുടെ 'ഗലീലിയോ ദൗത്യം' 2000 ത്തിന്റെ തുടക്കത്തില്‍ ഗാനിമീഡ് ഉപഗ്രഹത്തെ നിരീക്ഷിച്ചിരുന്നു. 5300 കിലോമീറ്റര്‍ വിസ്താരമുള്ള ആ ഉപഗ്രഹത്തില്‍ മറഞ്ഞിരിക്കുന്ന ഒരു സമുദ്രമുണ്ടെന്ന സൂചന ആദ്യം നല്‍കിയത് ഗലീലിയോ ആണ്. ഏതായാലും ഗാനിമീഡിനെ അടുത്തു ചെന്ന് നിരീക്ഷിക്കാന്‍ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ 'ജൂസ് പേടകം' 2022 ല്‍ വിക്ഷേപിക്കും. കൂടുതല്‍ വിവരങ്ങള്‍ ഇതില്‍നിന്ന് ലഭിച്ചേക്കുമെന്നാണ് സൂചന.

 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക