ശിവസേനയെ പാകിസ്ഥാന്‍ ഭീകരസംഘടനയായി പ്രഖ്യാപിച്ചേക്കും

ശനി, 24 ഒക്‌ടോബര്‍ 2015 (10:28 IST)
ശിവസേനയുടെ പാക് വിരുദ്ധനിലപാടുകള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ ശിവസേനയെ അന്താരാഷ്ട്ര തലത്തില്‍ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി. ഇക്കാര്യം ആവശ്യപ്പെട്ട് പാക് ദേശീയ അസംബ്ലിയില്‍ പ്രമേയം അവതരിപ്പിച്ചു. സെനറ്റിലും ഉടന്‍ തന്നെ പ്രമേയം അവതരിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റ നീക്കം.

ശിവസേന പാക് പ്രതിനിധികളെയും സാസംസ്‌കാരിക പ്രവര്‍ത്തകരെയും അപമാനിക്കുകയാണ്. പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രതിനിധികളെ ശിവസേന പ്രവര്‍ത്തകര്‍ അപമാനിക്കുകയും ചെയ്‌തു. ശിവസേനയുടെ നേതൃത്വത്തില്‍ നടക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവന്നും അവരെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്നുമാണ്
പീപ്പിള്‍സ് പാര്‍ട്ടി ആവശ്യപ്പെടുന്നത്.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സമാധാനപ്രവര്‍ത്തനങ്ങളെ തടയാന്‍ മാത്രമേ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഉപകരിക്കൂ. മേഖലയിലെ സമാധാനം തകര്‍ക്കാനാണ് ശിവസേന ശ്രമിക്കുന്നതെന്നും പാക് പ്രതിപക്ഷം കുറ്റപ്പെടുത്തി.

പാകിസ്ഥാന്‍ ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ സംഗീത കച്ചേരി ശിവസേന മുട്ക്കിയിരുന്നു. അതിന് പിന്നാലെ മുന്‍ പാക് ക്രിക്കറ്റ് താരങ്ങളായ വസിം അക്രത്തിനെയും ഷൊയ്‌ബ് അക്‍തറിനെയും ഇന്ത്യ- ദക്ഷിണാഫ്രിക്ക ഏകദിനത്തിലെ കമന്റര്‍മാരാക്കാന്‍ അനുവദിക്കില്ലെന്നും ശിവസേന പറഞ്ഞിരുന്നു. ഭീഷണി ശക്തമായതോടെ ഇരുവരും പാകിസ്ഥനിലേക്ക് മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. ശിവസേന പ്രതിഷേധം ശക്തമായതോടെ പാക് അമ്പയര്‍ അലിം ദാറിനെ ഐ സി സി പിന്‍വലിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക