ഷഹബാസ് ഷെരീഫും അസിം മുനീറും മികച്ച നേതാക്കൾ, പാകിസ്ഥാനുമായുള്ള വ്യാപാരബന്ധം ശക്തിപ്പെടുത്തി യുഎസ്

അഭിറാം മനോഹർ

വെള്ളി, 26 സെപ്‌റ്റംബര്‍ 2025 (16:05 IST)
വാഷിംഗ്ടണ്‍ ഡി.സി.യില്‍ പാകിസ്ഥാന്‍ സൈന്യാധിപന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍,പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 2018ല്‍ പാകിസ്ഥാനെ ഭീകരരെ സംരക്ഷിക്കുന്ന രാഷ്ട്രമെന്ന് വിശേഷിപ്പിച്ച ട്രംപ് വലിയ മാറ്റമാണ് അമേരിക്കന്‍ നയതന്ത്രബന്ധത്തില്‍ വരുത്തിയിരിക്കുന്നത്. കൂടിക്കാഴ്ചയില്‍ അസിം മുനീര്‍- ഷെഹ്ബാസ് ഷെരീഫ് കൂട്ടുക്കെട്ടിനെ മികച്ച നേതാക്കളെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.
 
9/11 സംഭവത്തിന് ശേഷം ഭീകരവാസത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച അമേരിക്കയുടെ തന്ത്രപരമായ കൂട്ടുക്കെട്ടില്‍ പാകിസ്ഥാനും പങ്കാളികളായിരുന്നു. എന്നാല്‍ പാകിസ്ഥാനിലെ അബട്ടാബാദില്‍ വെച്ച് ഒസാമ ബിന്‍ ലാദനെ കണ്ടെത്തിയതോടെയാണ് ഈ വിശ്വാസം തകര്‍ന്നത്. ഈ സാഹചര്യത്തിലാണ് ഭീകരരെ സംരക്ഷിക്കുന്ന രാഷ്ട്രമെന്ന് ട്രംപ് പാകിസ്ഥാനെ വിശേഷിപ്പിച്ചത്. എന്നാല്‍ സമീപകാലത്ത് പാകിസ്ഥാനുമായി നിരവധി കരാറുകളിലാണ് ട്രംപ് ഒപ്പുവെച്ചിരിക്കുന്നത്.പാകിസ്ഥാനിലെ ഖനന- ധാതു പദ്ധതികളില്‍ വലിയ നിക്ഷേപമാണ് അമേരിക്കന്‍ കമ്പനികള്‍ നടത്താന്‍ ഉദ്ദേശിക്കുന്നത്. പാകിസ്ഥാനിലെ റെയര്‍ എര്‍ത്ത് എലമെന്റുകളുടെ രംഗത്തും അമേരിക്ക സഹകരിക്കും. പ്രതിരോധമേഖലയിലും ഇരു രാജ്യങ്ങളും തമ്മില്‍ സഹകരണമുണ്ടാകും. പാകിസ്ഥാനിലെ എണ്ണ സമ്പത്തിലും ട്രംപ് നിക്ഷേപം നടത്തും.
 
ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി യുഎസ് ഇടപ്പെട്ടെന്ന ട്രംപിന്റെ പ്രസ്താവനയെ ഇന്ത്യ നിഷേധിച്ചെങ്കിലും പാകിസ്ഥാന്‍ ഈ കാര്യം സമ്മതിക്കുകയും ട്രംപിനെ 2026ലെ നോബേല്‍ പുരസ്‌കാരത്തിനായി നാമനിര്‍ദേശം ചെയ്യുകയും ചെയ്തിരുന്നു. ഇതും പാകിസ്ഥാന്‍- അമേരിക്കന്‍ ബന്ധത്തെ ശക്തിപ്പെടുത്തിയിട്ടുണ്ട്. തന്ത്രപരമായി ചൈന, ഇറാന്‍ എന്നീ രാജ്യങ്ങള്‍ക്കടുത്ത് സ്ഥിതിചെയ്യുന്നതിനാല്‍ പാകിസ്ഥാനുമായി കൂടുതല്‍ സൈനികസഹകരണം ഉറപ്പാക്കാനും യുഎസ് ലക്ഷ്യമിടുന്നുണ്ട്. എന്നാല്‍ ദീര്‍ഘകാലത്തേക്ക് ഈ സഹകരണം ഉണ്ടാകുമോ എന്നത് കാത്തിരുന്നു കാണേണ്ടതാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍