വരുന്നു ജപ്പാന്റെ ബഹിരാകാശ സേന!

ചൊവ്വ, 5 ഓഗസ്റ്റ് 2014 (14:44 IST)
ഭൂമിയില്‍ സേനാ വിന്യാസം നടത്തി മടുത്തതിനാലാകാം ആകാശത്ത് സേനയെ വിന്യസിക്കുന്നതെന്ന് നിങ്ങള്‍ ചിന്തിക്കരുത്. കാരണം ബഹിരാകാശ സേന എന്നാല്‍ യുദ്ധത്തിനായോ അതിര്‍ത്തികള്‍  സംരക്ഷിക്കുന്നതിനായോ വിന്യസിക്കുന്ന സൈന്യം പോലെ ഒന്നല്ല ഈ ബഹിരാകാശ സേന.

ഭൂമിയെ ചുറ്റുന്ന കൃത്രിമോപഗ്രഹങ്ങളെ ശൂന്യകാശ മാലിന്യങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനാണ് ബഹിരാകാശ സേന. എന്താണ് ഈ ബഹിരാകാശ മാലിന്യങ്ങള്‍ എന്ന് നിങ്ങള്‍ ചോദിച്ചേക്കം. വര്‍ഷം തോറും നിരവധി വസ്തുക്കളാണ് മനുഷ്യന്‍ ബഹിരാകാ‍ശത്ത് കൊണ്ട് നിക്ഷേപിക്കുന്നത്!

അതായത് ഉപയോഗ ശൂന്യമായ കൃത്രിമോപഗ്രഹങ്ങളും, ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനുപയോഗിക്കുന്ന റോക്കറ്റിന്റെ അവശിഷ്ടങ്ങളും ഒക്കെക്കൊണ്ട് നമ്മുടെര്‍ ഭൂമിയുടെ ബാഹ്യാകാശം ഇന്ന് മലിനമായിരിക്കുകയാണ്. ഇത്തരം വസ്തുക്കള്‍ നിലവില്‍ ഉപയോഗിക്കുന്ന ഉപഗ്രഹങ്ങള്‍ക്ക് ഭീഷണിയാണ്.

ഇത്തരം മാലിന്യങ്ങളില്‍ നിന്ന് അവയെ സംരക്ഷിക്കുന്നതിനായാണ് ജപ്പാന്‍ ബഹിരാകാശ സേന രൂപീകരിക്കുന്നത്. നിലവില്‍ അമേരിക്ക ഇത്തരമൊരു സംവിധാനം ഉപയോഗിക്കുന്നുണ്ട്. ശൂന്യാകാശ മാലിന്യങ്ങള്‍ നിരീക്ഷിക്കുകയും അവയെ തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക തുടങ്ങിയവയാണ് സേനയുടെ ദൌത്യങ്ങള്‍.

2019ഓടെ ബഹിരാകാശ സേന രൂപവത്കരിക്കുമെന്നാണ് ജപ്പാന്‍ ഭരണകൂടം അറിയിച്ചിരിക്കുന്നത്. അമേരിക്കയുമായി സഹകരിച്ചായിരിക്കും സേനാ രൂപവത്കരണം. അമേരിക്കന്‍ സേനയില്‍നിന്ന് ലഭിക്കുന്ന വിവരങ്ങളില്‍നിന്ന് ജപ്പാന്‍െറ പ്രത്യേക സേന ശേഖരിച്ച് മാലിന്യങ്ങളെ നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകറ്റിക്കും.

ഇതിനായുള്ള റഡാര്‍ സംവിധാനങ്ങള്‍ ഒരുക്കിത്തുടങ്ങിയതായി ജപ്പാന്‍െറ ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.ബഹിരാകാശ മാലിന്യങ്ങള്‍ ഇടിച്ച് കൃത്രിമോപഗ്രഹങ്ങളുടെ പ്രവര്‍ത്തനം നിലക്കുന്ന സംഭവം തുടര്‍ക്കഥയായതോടെയാണ് അമേരിക്കക്കു പിന്നാലെ ജപ്പാനും പുതിയ സൈന്യത്തെ വിന്യസിക്കുന്നതു സംബന്ധിച്ച് ആലോചിച്ചുതുടങ്ങിയത്.

വെബ്ദുനിയ വായിക്കുക