“ സദ്ദാമിനെ പിടികൂടിയത് ഗ്രാമത്തിലെ വീട്ടില്‍ നിന്ന്, മാളത്തിലെത്തിച്ച് ഫോട്ടോ എടുത്തു ”

ബുധന്‍, 15 ഏപ്രില്‍ 2015 (11:33 IST)
24 വര്‍ഷത്തോളം ഇറാഖ് ഭരിച്ച സദ്ദാം ഹുസൈനെ അമേരിക്കന്‍ സൈന്യം പിടികൂടിയത് ഒരു ഗ്രാമീണ വീടിന്റെ അടിയിലുള്ള ഒളിത്താവളത്തില്‍നിന്നാണെന്ന് പുതിയ റിപ്പോര്‍ട്ട്. സദ്ദാമിനെ പിടികൂടി 12 വര്‍ഷം കഴിയുന്ന ഈ സമയത്ത് പുറത്തുവന്ന റിപ്പോര്‍ട്ട് അമേരിക്കന്‍ റിപ്പോര്‍ട്ടിനെ തള്ളിക്കളയുന്നതാണ്. സദ്ദാം ഹുസൈനെ പിടികൂടിയത് മാളത്തില്‍നിന്നാണെന്ന അമേരിക്കന്‍ നിപാടാണ് തകര്‍ക്കപ്പെടുന്നത്. യുഎസ് സൈനികര്‍ക്കുവേണ്ടി വിവരങ്ങള്‍ തര്‍ജമ ചെയ്തിരുന്ന ഫിറാസ് അഹമദിനെ ഉദ്ധരിച്ച് അല്‍ അറബ് അല്‍ ജദീദ് എന്ന ഓണ്‍ലൈന്‍ പത്രമാണ് ഈ വിവരം പുറത്ത് വിട്ടത്.

അമേരിക്കന്‍ സൈന്യം ഇറക്കില്‍ കടന്ന് സര്‍വ്വ മേഖലകളിലേക്കും കടന്നു കയറ്റം തുടങ്ങിയ വേളയില്‍ തന്നെ സദ്ദാം ഗ്രാമത്തിലെ ഒരു വീടും അതിന്റെ അടിത്തട്ടിലെ രഹസ്യ മുറിയും ഒളിത്താവളമായി മാറ്റിയിരുന്നു. പിന്നീട് പിടിയിലായ അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ഒളിത്താവളം അമേരിക്കന്‍ സൈന്യത്തിന് പറഞ്ഞു കൊടുക്കുകയായിരുന്നു. അവിടെയെത്തിയെ സൈന്യത്തിന് മുന്നില്‍ പ്രതിരോധിക്കാന്‍ നില്‍ക്കാതെ സദ്ദാം വാതില്‍ തുറന്നുകൊടുക്കുകയും ചെയ്തുവെന്ന് ഫിറാസ് പറഞ്ഞു. തുടര്‍ന്ന് അദ്ദേഹത്തെ അടുത്തുള്ള വെള്ളം ഒഴുക്കുന്ന പൈപ്പ് ഇടാനായി ഒരുക്കിയ ഈ മാളത്തില്‍ കയറ്റി അവിടെ വെച്ച് ഫോട്ടോ എടുക്കുകയായിരുന്നു. സദ്ദാമിന്റെ കാഴ്ചയിലും വേഷത്തിലും മാറ്റംവരുത്തിയ ശേഷമാണ് ഫോട്ടോ എടുത്തതെന്നും അദ്ദേഹം വെളിപ്പെടുത്തി.

സദ്ദാമിനെ പിടിച്ച് രണ്ടുദിവസത്തിനുശേഷം റിഹാബ് കൊട്ടാരത്തില്‍ സൈന്യം നടത്തിയ ആഘോഷപരിപാടിക്കിടെയാണ് തനിക്ക് ഇക്കാര്യം ബോധ്യമായത്. പരിപാടിയില്‍ പങ്കെടുക്കാന്‍ സാധ്യതയുള്ള ഇറാഖി രാഷ്ട്രീയ നേതാക്കള്‍ക്ക് വിവരങ്ങള്‍ പരിഭാഷ ചെയ്തുകൊടുക്കാനാണ് താന്‍ പോയത്. യുഎസ് സൈന്യത്തിന്റെ ഒരു ക്യാപ്റ്റനാണ് ഇക്കാര്യം പറഞ്ഞതെന്നും ഫിറാസ് അഹമദ് വ്യക്തമാക്കി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക