തുര്‍ക്കിക്കെതിരെ റഷ്യ കടുത്ത സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി
ഞായര്‍, 29 നവംബര്‍ 2015 (10:53 IST)
സിറിയൻ അതിർത്തിയിൽ റഷ്യൻ വിമാനം തുര്‍ക്കി വെടിവെച്ചിട്ട സംഭവം കൂടുതല്‍ സങ്കീര്‍ണ്ണതയിലേക്ക് നീങ്ങവെ തുർക്കിക്ക് സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിക്കൊണ്ട് റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ ഉത്തരവ് പുറപ്പെടുവിപ്പിച്ചു. പുടിന് പ്രഖ്യാപിച്ച സാമ്പത്തിക ഉപരോധങ്ങളുടെ പാക്കേജ് വൈബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. എത്രയും വേഗം ഇക്കാര്യം നടപ്പിലാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയതിന് പിന്നാലെ തുര്‍ക്കിയില്‍ നിന്നുള്ള ഇറക്കുമതിക്കും ഇരു രാജ്യങ്ങളും തമ്മിലുള്ള വിമാന സര്‍വീസിനും നിരോധനം ഏര്‍പ്പെടുത്തി. തുർക്കിയിലേക്ക് വിനോദസഞ്ചാരികളെ കൊണ്ടുപോകുന്നത് നിർത്താന്‍ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. തുര്‍ക്കിയില്‍ നിന്നുള്ള ചില സാധനങ്ങളുടെ ഇറക്കുമതി പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. റഷ്യയിലെ തുര്‍ക്കി കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി.
റഷ്യന്‍ കമ്പനികളില്‍ ജോലി ചെയ്യുന്ന തുര്‍ക്കി പൌരന്മാരുടെ കരാര്‍ കാലാവധി നീട്ടുന്നതു താല്‍ക്കാലികമായി മരവിപ്പിച്ചു. തുര്‍ക്കിയിലേക്കുള്ള വിനോദസഞ്ചാരത്തിനും വിസയില്ലാതെ രാജ്യത്ത് പ്രവേശിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തി. തുര്‍ക്കിയുമായി കൂടുതല്‍ വ്യാപാര ബന്ധമുള്ള രണ്ടാമത്ത രാജ്യമാണ് റഷ്യ.
ഉപരോധത്തിന്റെ ഭാഗമായി റഷ്യയിലെ തുർക്കിഷ് വ്യാപാരം സ്ഥാപനങ്ങൾ പൂട്ടിക്കും. തുർക്കിയിൽ നിന്നുള്ള ഇറക്കുമതിയും കയറ്റുമതിയും നിയന്ത്രിക്കും. ചരക്കു വാഹനങ്ങൾ അതിർത്തിയിൽ തടയും. ഇരുരാജ്യങ്ങൾ ധാരണയിലെത്തിയ നിക്ഷേപ പദ്ധതികൾ പിൻവലിക്കാനും റഷ്യ തീരുമാനിച്ചിട്ടുണ്ട്.
തുർക്കി സന്ദർശിക്കുന്നതിൽ നിന്ന് പൗരന്മാരെ വിലക്കിയ റഷ്യൻ അധികൃതർ, പൗരന്മാർ എത്രയും വേഗം മടങ്ങണമെന്ന് നിർദേശം നൽകുകയും ചെയ്തു. തുർക്കി സൈനിക നേതൃത്വവുമായുള്ള ആശയവിനിമയങ്ങൾ അവസാനിപ്പിക്കുമെന്നും റഷ്യൻ അധികൃതർ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഹോട്ട്ലൈന്‍ ബന്ധവും റഷ്യ റദ്ദാക്കി. സിറിയന്‍ ആക്രമണ സമയത്ത് തുര്‍ക്കിയെ വിവരം അറിയിക്കാനാണ് ഹോട്ട്ലൈന്‍ ബന്ധം സ്ഥാപിച്ചിരുന്നത്.
ഉപരോധം പ്രാബല്യത്തിൽ വരുന്നത് തുർക്കി സമ്പദ് വ്യവസ്ഥക്കാണ് കനത്ത തിരിച്ചടിയാകുന്നത്. റഷ്യയുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ കയറ്റുമതി നടത്തുന്ന രാജ്യം തുർക്കിയാണ്. കയറ്റുമതിയിൽ തുർക്കിയുടെ പ്രധാന പങ്കാളിയാണ് റഷ്യ.