84കാരനായ മർഡോക്കും നടി ജെറി ഹാളും വിവാഹിതരാകുന്നു
മാദ്ധ്യമ വ്യവസായ കുലപതി റൂപർട്ട് മർഡോക്കും ഹോളിവുഡ് നടിയും മുൻ മോഡലുമായ ജെറി ഹാളും വിവാഹിതരാകുന്നു. നാല് മാസത്തെ ബന്ധത്തിന് ശേഷമാണ് ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. ഒക്‌ടോബറിൽ ലണ്ടനിൽ നടന്ന റഗ്‌ബി ലോകകപ്പിനിടെയാണ് ഇരുവരും തങ്ങളുടെ സ്‌നേഹബന്ധത്തെക്കുറിച്ച് മനസുതുറന്നത്.
കഴിഞ്ഞ ദിവസം ഗോൾഡൻ ഗ്ലോബ് പുരസ്‌കാര ദാനച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഇരുവരും ലോസ് ഏഞ്ചലസിൽ വച്ച് വിവാഹമോതിരം കൈമാറുകയും ചെയ്‌തിരുന്നു.
84കാരനായ മർഡോക്കിന്റെ നാലാം വിവാഹമാണിത്. 59 കാരിയായ ജെറിയുടെ ആദ്യ വിവാഹമാണിത്. കാമുകനായിരുന്ന മൈക്ക് ജാഗ്ഗറുമായുള്ള 22 വർഷത്തെ ബന്ധത്തിൽ നാല് മക്കൾ ഉണ്ടെങ്കിലും ഇവർ നിയമപരമായി വിവാഹിതരായിട്ടില്ല. മൂന്ന് ബന്ധങ്ങളിൽ നിന്ന് ആറ് മക്കളാണ് മർഡോക്കിനുള്ളത്. ലണ്ടനിലെ ദ ടൈംസ് പത്രത്തിലൂടെയാണ് ഇരുവരും വിവാഹിതരാകുന്നുവെന്ന് വ്യക്തമാക്കിയത്.