കൊവിഡ് വ്യാപനത്തിന് മുൻപ് വുഹാൻ വൈറോളജിയിലെ ഗവേഷകർ ചികിത്സ തേടി, റിപ്പോർട്ട് പുറത്ത്

തിങ്കള്‍, 24 മെയ് 2021 (12:19 IST)
ചൈനയിലെ വുഹാൻ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ മൂന്നുഗവേഷകര്‍ 2019 നവംബറില്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നതായി റിപ്പോർട്ട്. ഇതുവരെ വെളിപ്പെടുത്താത്ത യുഎസ് അന്വേഷണറിപ്പോർട്ടിനെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 
 
എത്ര ഗവേഷകർ രോഗബാധിതരായി, ഇത് എന്നായിരുന്നു, ഇവരുടെ ആശുപത്രി സന്ദർശനവിവരങ്ങൾ എല്ലാം റിപ്പോർട്ടിലുണ്ട്. കോവിഡ് 19 വ്യാപനത്തെ കുറിച്ച് ചൈന ലോകത്തിന് മുന്നറിയിപ്പ് നല്‍കുന്നതിന് ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ഗവേഷകര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്.കൊറോണ വൈറസിന്റെ ഉത്ഭവം സംബന്ധിച്ചുളള അന്വേഷണത്തിന്റെ അടുത്ത ഘട്ടം ചര്‍ച്ച ചെയ്യുന്നതിനായി ലോകാരോഗ്യ സംഘടനയുടെ അടുത്ത യോഗം ചേരുന്നതിന് മുൻപാണ് റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്.
 
വൈറസിന്റെ ഉത്ഭവം വുഹാനിലെ ലാബില്‍ നിന്നാണെന്നുളള അഭ്യൂഹങ്ങള്‍ക്ക് ശക്തിപകരുന്നതാണ് പുതിയ റിപ്പോർട്ടിലെ തെളിവുകൾ. വൈറസ് വുഹാനിലെ ലാബിൽ നിന്നും ഉത്ഭവിച്ചതല്ലെന്ന് ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തിലുളള സംഘം സ്ഥിരീകരിച്ചതാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം അഭിപ്രായപ്പെട്ടു.ലാബ് ചോർച്ച സിദ്ധാന്തം യുഎസ് പ്രചാരണമാണെന്നും ചൈനീസ് മന്ത്രാലയം കുറ്റപ്പെടുത്തി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍