രാജ്യത്തേക്കുള്ള അഭയാര്‍ഥി പ്രവാഹം കുറയ്‌ക്കണം: ആംഗലെ

തിങ്കള്‍, 14 ഡിസം‌ബര്‍ 2015 (10:41 IST)
ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയ ഇറാക്ക് എന്നീ രാജ്യങ്ങളില്‍ നിന്ന് ജര്‍മ്മനിയിലേക്കുള്ള അഭയാര്‍ഥി പ്രവാഹത്തില്‍ നിയന്ത്രണം വേണമെന്ന് ജർമ്മന്‍ ചാൻസലർ ആംഗലെ മെർക്കൽ. പത്ത് ലക്ഷത്തോളം അഭയാര്‍ഥികള്‍ ഇതുവരെ രാജ്യത്ത് എത്തിക്കഴിഞ്ഞു. താങ്ങാന്‍ സാധിക്കുന്നതിലും അധികം ആളുകള്‍ രാജ്യത്തേക്ക് എത്തിക്കഴിഞ്ഞു. അഭയാര്‍ഥികളുടെ വരവ് കര്‍ശനമായി കുറയ്‌ക്കണമെന്നും ജർമ്മന്‍ ചാൻസലർ ആവശ്യപ്പെട്ടു.

അഭയാര്‍ഥി വിഷയത്തില്‍ സ്വന്തം പാർട്ടിയായ ക്രിസ്റ്റ്യൻ ഡെമോക്രാറ്റിക്ക് യൂണിയനിൽ നിന്നു തന്നെ മെർക്കലിന് നേരെ വിമർശനങ്ങൾ ഉണ്ടായ സാഹചര്യത്തിലാണ് മെര്‍ക്കല്‍ രംഗത്തു വന്നത്. അഭയാര്‍ഥികള്‍ കൂടുതലായി എത്തുന്നതില്‍ ജനങ്ങളും എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ ജനപ്രീതി ഇടിയുന്ന സാഹചര്യവും സംജാതമായെന്ന് വ്യക്തമായതോടെയാണ് മെര്‍ക്കല്‍ നിലപാട് വ്യക്തമാക്കിയത്.

ഈ സാഹചര്യത്തില്‍ അഭയാര്‍ഥി പ്രവാഹം തടയുന്നതിനായി ജര്‍മ്മനി നടപടികള്‍ ആരംഭിക്കുകയും ചെയ്‌തു. കുടിയേറ്റം നിയന്ത്രിക്കാനായി തുർക്കിയോടൊപ്പം പ്രവർത്തിക്കും, തുർക്കി, ലെബനൻ, ജോർദാൻ എന്നിവിടങ്ങളിലെ അഭയാർഥി  ക്യാമ്പുകളിലുള്ള അവസ്ഥകൾ മെച്ചപ്പെടുത്തും, യൂറോപ്യൻ യൂണിയന്റെ അതിർത്തിയിലെ നിയന്ത്രണങ്ങൾ ശക്തമാക്കും എന്നിവയാണ് അഭയാർഥികളുടെ എണ്ണം നിയന്ത്രിക്കാനായി സ്വീകരിക്കുന്ന നടപടികൾ.

വെബ്ദുനിയ വായിക്കുക