കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്കിടെ, ശ്രീലങ്കയില്‍ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് തുടങ്ങി. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ പോരാട്ടമായാണ് ഇതിനെ വിലയിരുത്തുന്നത്. മൂന്നാമതും ശ്രീലങ്കയുടെ ഭരണത്തിലേറാനുള്ള മോഹവുമായി പൊതു തെരഞ്ഞെടുപ്പ് നേരത്തേയാക്കിയ പ്രസിഡന്റ് മഹിന്ദ രാജപക്സേയാണൊ അതൊ പ്രതിപക്ഷ സ്ഥാനാര്‍ഥിയായ മൈത്രിപാല സിരിസേനയാണൊ മരതക ദ്വീപില്‍ അധികാരത്തിലെത്തുക എന്ന് ആര്‍ക്കും പ്രവചിക്കാനാകത്ത രീതിയിലാണ് ഇപ്പോഴത്തെ മത്സരം.
രാജപക്സെ മന്ത്രിസഭയിലെ രണ്ടാമനായിരുന്നു പ്രതിപക്ഷ സ്ഥാനാര്‍ഥി മൈത്രിപാല സിരിസേന. രാജപക്സെയുടെ ഏകാധിപത്യഭരണത്തിലും അഴിമതിയിലും മനംമടുത്ത് താന്‍ കൂറുമാറുകയാണ് എന്ന വിശദീകരണത്തോടെയാണ് സിരിസേന മത്സരരംഗത്തെത്തിയത്. ഇതോടെയാണ് തെരഞ്ഞെടുപ്പില്‍ മത്സരം കടുത്തത്. വിജയ സാധ്യത ഉയര്‍ത്തുന്നതിനായി തിരഞ്ഞെടുപ്പ് നേരത്തെയാക്കിയ രാജപക്ഷെയ്ക്ക് കടുത്തവെല്ലുവിളിയാണ് സിരിസേന ഉയര്‍ത്തുന്നത്.
അഴിമതി, സ്വജനപക്ഷപാതം തുടങ്ങി നിലവധി ആരോപണങ്ങള്‍ നേരിടുന്ന രാജപക്സേയ്ക്ക് ഇത്തവണത്തെ വിജയം അത്ര എളുപ്പമാകില്ലെന്നാണ് വിലയിരുത്തല്‍. തമിഴ് വംശജരും മുസ്ലിങ്ങളും ഇദ്ദേഹത്തിന്റെ ഭരണത്തില്‍ അസംതൃപ്തരാണ് എന്നതാണ് മറ്റൊരു തിരിച്ചടി. എന്നാല്‍ പ്രതിപക്ഷ നേതാവ് റനില്‍ വിക്രമസിംഗെ, മുന്‍ പ്രസിഡന്‍റ് ചന്ദ്രിക കുമാരതുംഗെ തുടങ്ങിയവരുടെ പിന്തുണയാണ് സിരിസേനയുടെ കരുത്ത്. കൂടാതെ തമിഴ് വംശീയ പാര്‍ട്ടിയും ഇദ്ദേഹത്തിന് പിന്തുണ്‍ നല്‍കുമെന്നാണ് കരുതുന്നത്.
വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒട്ടേറെ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. തമിഴ് മേഖലയില്‍ സൈന്യത്തെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ രാജപക്ഷെ അനുകൂലികള്‍ ശ്രമിച്ചേക്കുമെന്ന സൂചനയെത്തുടര്‍ന്ന് കനത്ത സുരക്ഷാ സന്നാഹങ്ങളാണ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ളത്. വെള്ളിയാഴ്ചയാണ് ഫലപ്രഖ്യാപനം.