അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന നേതാവാണെങ്കിലും ഇന്ത്യക്കാര്‍ക്കിടയില്‍ റീലുകളിലൂടെ ഏറെ സ്വീകാര്യത നേടിയ വ്യക്തിത്വമാണ് ഇറ്റാലിയന്‍ പ്രധാനമന്ത്രിയായ ജോര്‍ജിയ മെലോണി. ഇന്ത്യന്‍ പ്രധാനമന്ത്രിയായ നരേന്ദ്രമോദിയും ജോര്‍ജിയ മെലോണിയും തമ്മിലുള്ള ദൃശ്യങ്ങളാണ് ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാക്കിയത്. ഇപ്പോഴിതാ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുടെ ആത്മകഥയുടെ ഇന്ത്യന്‍ പതിപ്പിന് ആമുഖം എഴുതിയിരിക്കുകയാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയായ നരേന്ദ്രമോദി.
ഐ ആം ജോര്‍ജിയ മൈ റൂട്ട്‌സ്, മൈ പ്രിന്‍സിപ്പിള്‍സ് എന്ന പുസ്തകത്തിനാണ് നരേന്ദ്രമോദി ആമുഖമെഴുതിയിരിക്കുന്നത്. അവിവാഹിതയായ അമ്മയെന്ന നിലയില്‍ നേരിടേണ്ടിവന്ന ആക്രമണങ്ങള്‍ ഗര്‍ഭിണിയായിരിക്കെ തിരെഞ്ഞെടുപ്പ് പ്രചാരണം നടത്തേണ്ടിവന്നത് മുതല്‍ വ്യക്തിപരമായ പോരാട്ടങ്ങളാണ് മെലോനിയുടെ പുസ്തകത്തില്‍ വിവരിക്കുന്നത്. പുസ്തകത്തെ ജോര്‍ജിയ മെലോണിയുടെ മന്‍ കി ബാത്ത് എന്നാണ് നരേന്ദ്രമോദി വിശേഷിപ്പിച്ചത്. മാതൃത്വം, ദേശീയത, പാരമ്പര്യം എന്നീ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിന് മെലോണിയെ മോദി അഭിനന്ദിച്ചു.
പുസ്തകത്തിന് ആമുഖം എഴുതാന്‍ കഴിഞ്ഞത് വലിയ ബഹുമതിയാണെന്നും ദേശസ്‌നേഹിയും സമകാലിക നേതാക്കളില്‍ അസാധാരണമായ വ്യക്തിത്വത്തിന് ഉടമയാണ് മെലോണിയെന്നും ഇന്ത്യയും ഇറ്റലിയും പുലര്‍ത്തിപോകുന്ന പാരമ്പര്യത്തോടുള്ള ബഹുമാനവും ആത്മീയമായ പൊരുത്തവുമാണ് മെലോണിയുമായുള്ള തന്റെ വ്യക്തിപരമായ സൗഹൃദത്തിന്റെ അടിത്തറയെന്നും ആമുഖത്തില്‍ മോദി പറയുന്നു.