തകര്‍ന്ന ഈജിപ്‌ഷ്യന്‍ വിമാനത്തില്‍ നിന്ന് 100 മൃതദേഹങ്ങള്‍ കണ്ടെടുത്തു
ശനി, 31 ഒക്‌ടോബര്‍ 2015 (19:59 IST)
ഈജിപ്തിൽ നിന്നും 224 യാത്രക്കാരുമായി റഷ്യയിലേക്കുള്ള യാത്രയ്ക്കിടെ തകർന്ന റഷ്യൻ വിമാനത്തില്‍ നിന്ന് 100 മൃതദേഹങ്ങള്‍ കണ്ടെടുത്തു. യാത്രക്കാരിൽ 17 പേർ കുട്ടികളും ഏഴുപേർ ജീവനക്കാരുമാണ്. വിമാനത്തിന്റെ യന്ത്ര തകരാറാണ് അപകടത്തിന് കാരണമായത് എന്നാണ് പ്രാഥമിക വിവരം. 224 യാത്രക്കാരുമായി പോയ എ–321 ജെറ്റ് വിമാനമാണ് തകർന്നത്.
വിമാനത്തിലെ മുഴുവന്‍ യാത്രക്കാരും റഷ്യക്കാരാണെന്ന് ഈജിപ്ത് സ്ഥിരീകരിച്ചു. വിമാനത്തിൽ 217 യാത്രക്കാരുണ്ടായിരുന്നതായി റഷ്യൻ അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതൽ പേരും ടൂറിസ്റ്റുകളാണ്. അപകടത്തെകുറിച്ചന്വേഷിക്കാന്‍ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ ഉത്തരവിട്ടു. റഷ്യൻ രക്ഷപ്രവർത്തകരെ അപകട സ്ഥലത്തേക്ക് അയക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം നിയമ വിരുദ്ധമായി വിമാനം പറത്തിയതിന് വിമാനകമ്പനിക്കെതിരെ ക്രിമിനൽ കുറ്റത്തിന് കേസെടുത്തതായി റിപ്പോർട്ടുകളുണ്ട്.
ഈജിപ്തിലെ സിനായ് മേഖലയിൽ വച്ചാണ് വിമാനവുമായുള്ള റഡാർ ബന്ധം നഷ്ടമായത്. വിമാനം കാണാതായി അൽപ്പനിമിഷങ്ങൾക്കം സിഗ്നൽ തുർക്കി എയർകൺട്രോൾ റൂമിൽ ലഭിച്ചതായി തുർക്കി അധികൃതർ പറഞ്ഞു. ഇക്കാര്യം ഈജിപ്ത്യൻ വ്യോമയാന വിഭാഗം സ്ഥിരീകരിച്ചു. പിന്നീട് വിമാനം തകർന്നതായി ഈജിപ്ത് അറിയിക്കുകയായിരുന്നു. ഐഎസ് ഭീകരരുടെ ശക്തി കേന്ദ്രമാണ് ഈജിപ്തിലെ സിനായ് പ്രദേശം.