നാളെ ആകാശത്ത് ഒരുഗ്രന്‍ വെടിക്കെട്ട് കാണാന്‍ റെഡിയായിക്കോളൂ. കരിമരുന്നുകൊണ്ട് കൃത്രിമമായി ഉണ്ടാക്കുന്ന വെടിക്കൊട്ടൊന്നുമല്ല അത്. മണിക്കൂറില്‍ ഇരുന്നൂറോളം ഉല്‍ക്കകള്‍ മാനത്തു പായുന്ന അപൂര്‍വ്വ കാഴ്ചയായ പഴ്‌സീഡ് ഉല്‍ക്കമഴയാണ് വ്യാഴാഴ്ച ആകാശത്ത് അരങ്ങേറുന്നത്.
133 വര്‍ഷം ഇടവിട്ട് സൗരയൂഥത്തിലൂടെ സൂര്യനെ ചുറ്റി സ്വിഫ്റ്റ്- ടട്ട്ല്‍ എന്ന ഭീമന്‍ വാല്‍നക്ഷത്രം കടന്നുപോകുന്നു. ഈ സമയം അതില്‍ നിന്നും തെറിച്ചു പോകുന്ന മഞ്ഞും പൊടിപടലങ്ങളുമെല്ലാം സൗരയൂഥത്തില്‍ തങ്ങി നില്‍ക്കും. വര്‍ഷത്തിലൊരിക്കല്‍ ഭൂമിയുടെ അന്തരീക്ഷം ഈ അവശിഷ്ടങ്ങളുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ അവ ഘര്‍ഷണം മൂലം കത്തിയെരിയും. ഇതാണ് ഈ വരുന്ന ആഗസ്റ്റ് 12ാം തീയതി മാനത്ത് കാണാന്‍ പോകുന്ന വിസ്മയം.
ഇത്തവണ ഭൗമാന്തരീക്ഷത്തിലേക്കു കൂടുതല്‍ ഉല്‍ക്കകള്‍ ഓടിക്കയറി കത്തിതീരുമെന്നാണു കണക്കുകൂട്ടല്‍. കാരണം ബുധഗ്രഹത്തിന്റെ ഗുരുത്വാകര്‍ഷണ വലയില്‍പ്പെട്ട് നിരവധി ദ്രവ്യശകലങ്ങള്‍ സൗരയൂഥത്തില്‍ പ്രത്യേക ഒരിടത്തു കൂടിനില്‍പ്പുണ്ട്. അതിന്റെ മധ്യഭാഗത്തു കൂടിയാണ് ഭൂമി നാളെ സഞ്ചരിക്കുക. എല്ലാ വര്‍ഷവും ജൂലൈ 17 മുതല്‍ ഓഗസ്റ്റ് 24 വരെ പഴ്‌സീഡ് ഉല്‍ക്കമഴ ഉണ്ടാകാറുണ്ട്. എന്നാല്‍ അത് പാരമ്യത്തിലെത്തുന്നത് ഓഗസ്റ്റ് 12,13,14 തീയതികളിലാണ്.
ഇത്തവണത്തെ ഉല്‍ക്കമഴയുടെ പ്രധാന പ്രത്യേകത നഗ്നനേത്രങ്ങള്‍കൊണ്ട് നന്നായി കാണാമെന്നതാണ്. നാസയുടെ കണക്കുകൂട്ടലനുസരിച്ച് ഏറ്റവും നന്നായി ഉല്‍ക്കമഴ കാണാന്‍ കഴിയുന്ന സ്ഥലങ്ങളിലൊന്നാണ് ഇന്ത്യയും. ആകാശത്തെ വടക്ക് കിഴക്കന്‍ ദിശയിലേക്ക് നോക്കി നിന്നാലാണ് ഇന്ത്യയില്‍ ഉല്‍ക്കമഴ കാണാനാവുക. മണിക്കൂറില്‍ 80 മുതല്‍ 200 വരെ ഉല്‍ക്കകള്‍ ആകാശത്ത് കത്തിയെരിയും. നാസയുടെ പ്രത്യേകം തയ്യാറാക്കിയ വെബ്‌സൈറ്റില്‍ 12 രാത്രി മുതല്‍ ഉല്‍ക്കമഴ ലൈവ് സ്ട്രീമിങ് കാണാം.