കള്ളപ്പണ നിക്ഷേപങ്ങള്‍ വിളിച്ചു പറയുന്ന രണ്ടുലക്ഷത്തോളം പാനമ രേഖകള്‍ ഓണ്‍ലൈനില്‍

ചൊവ്വ, 10 മെയ് 2016 (09:16 IST)
അന്താരാഷ്‌ട്ര നേതാക്കളുടെയും കലാ-കായിക-വ്യവസായ രംഗത്തെ പ്രമുഖരുടെയും കള്ളപ്പണനിക്ഷേപം സംബന്ധിച്ച വിശദാംശങ്ങള്‍ അടങ്ങിയ പാനമ രേഖകള്‍ ഓണ്‍ലൈനില്‍. മൊസാക് ഫൊന്‍സേകയില്‍ നിന്ന് വിവരങ്ങള്‍ പുറത്തു കൊണ്ടുവന്ന അന്താരാഷ്‌ട്ര മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഐസിഐജെ ആണ് രേഖകള്‍ പുറത്തു വിട്ടത്.
 
ഓഫ്‌ഷോര്‍ലീക്‌സ്.ഐസിഐജെ.ഓര്‍ഗ് എന്ന വെബ്സൈറ്റിലൂടെ ആര്‍ക്കും ഈ വിവരങ്ങള്‍ പരിശോധിക്കാം. ഒന്നര കോടിയോളം വരുന്ന രേഖകളുടെ വളരെ ചെറിയ ഭാഗം മാത്രമാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.
 
റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡ്‌മിര്‍ പുടിന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍, ഫുട്ബോള്‍ താരം ലയണല്‍ മെസ്സി, നടന്‍ ജാക്കിച്ചാന്‍, ബോളിവുഡ് താരങ്ങളായ അമിതാബ് ബച്ചന്‍, മരുമകള്‍ ഐശ്വര്യ റായ് എന്നിവരും ചില മലയാളികളും പാനമ രേഖകളില്‍ കുടുങ്ങിയിട്ടുണ്ട്.
 
ടാക്സ് ഹെവന്‍സ് എന്നറിയപ്പെടുന്ന ബ്രിട്ടീഷ് വിര്‍ജിന്‍, പാനമ, ബഹാമാസ്, സീ ഷെല്‍സ്, സമോവ തുടങ്ങി 20 ഓളം ചെറു രാജ്യങ്ങളില്‍ ഇല്ലാത്ത കമ്പനികള്‍ തുടങ്ങിയാണ് നികുതി വെട്ടിപ്പ് നടത്തിയത്. ഇത് സംബന്ധിച്ച് വിവരങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാണെങ്കിലും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഇ മെയില്‍ ഇടപാടുകള്‍, ഫോണ്‍ നമ്പറുകള്‍ എന്നിവ ഒഴിവാക്കിയിട്ടുണ്ട്.
 
എഴുപതോളം രാഷ്ട്രങ്ങളിലെ 128 ഉന്നതരും നൂറുകണക്കിന് കോടീശ്വരന്‍മാരുമാണ് പാനമ ആസ്ഥാനമായുള്ള സ്ഥാപനം മുഖേന വിദേശ നിക്ഷേപം നടത്തിയത്.

വെബ്ദുനിയ വായിക്കുക