ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സബ് സോണിക് ക്രീയീസ് മിസൈലായ നിര്‍ഭയ് വിജയകരമായി പരീക്ഷിച്ചതിനു പിന്നാലെ ബദ്ധ വൈരിയായ പാകിസ്ഥാനും സ്വന്തമായി ക്രൂയിസ് മിസൈല്‍ നിര്‍മ്മിച്ചു. സ്വന്തമായി വികസിപ്പിച്ചെടുത്ത റാഡ് ക്രൂയിസ് മിസൈല്‍ പാകിസ്ഥാന്‍ വിജയകരമായി പരീക്ഷിക്കുകയും ചെയ്തു. കരയില്‍ നിന്നും കടലില്‍ നിന്നും വിക്ഷേപിക്കാവുന്ന മിസൈലാണിതെന്നാണ് വിവരം.
ഇന്റര്‍ സര്‍വീസസ് പബ്ളിക് റിലേഷന്‍സ് (ഐഎസ്പിആര്‍) ആണ് ഇതുസംബന്ധിച്ച ചിത്രങ്ങളും വാര്‍ത്തകളും പുറത്തുവിട്ടത്. 350 കിലോമീറ്റര്‍ പ്രഹരശേഷിയുള്ളതാണ് മിസൈല്‍. ആയുധങ്ങളും ആണവായുധങ്ങളും വഹിച്ച് വളരെ താഴ്ന്നു പറന്ന് കൃത്യമായി ആക്രമണം നടത്താന്‍ ശേഷിയുള്ളതാണ് മിസൈലെന്നാണ് പാകിസ്ഥാന്‍ അറിയിച്ചിരിക്കുന്നത്.
നേരത്തെ ഉത്തരകൊറിയയില്‍ നിന്ന് വാങ്ങിയ ക്രൂയിസ് മിസൈലായിരുന്നു പാകിസ്ഥാന്റെ കൈവശമുണ്ടായിരുന്നത്. ഇതിന്റെ സാങ്കേതിക വിദ്യയില്‍നിന്നാണ് പാകിസ്ഥാന്‍ സ്വന്തമായി ക്രൂയിസ് മിസൈല്‍ നിര്‍മ്മിച്ചതെന്നാണ് സൂചന. ഇന്ത്യന്‍ നഗരങ്ങളെ ലക്ഷ്യമിട്ടാണ് പാകിസ്ഥാന്‍ കൂടുതലും മിസൈലുകള്‍ വിന്യസിച്ചിരിക്കുന്നത്. റാഡ് പരീക്ഷണം തീര്‍ച്ചയായും ഇന്ത്യയെ ലക്ഷ്യമിട്ടുതന്നെയാണ്.