വീണ്ടും ഇന്ത്യന്‍ വിജയം; പാകിസ്ഥാന്‍ ‘ഗ്രേ’ ലിസ്‌റ്റില്‍ - സാമ്പത്തികാവസ്ഥ തരിപ്പണമാകുമെന്ന് റിപ്പോര്‍ട്ട്
ഭീകരസംഘടനകള്‍ തഴച്ചുവളരുന്ന പാകിസ്ഥാന് കനത്ത തിരിച്ചടി. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് അകമഴിഞ്ഞ് സഹായം നല്‍കുന്നുവെന്ന ഇന്ത്യയുടെ ആരോപണം ശരിവെച്ച് ആഗോള സാമ്പത്തിക കർമസമിതി (ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ്) പാകിസ്ഥാനെഗ്രേ ലിസ്‌റ്റില്‍ പെടുത്തി.
ഭീകരര്‍ക്കും രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കും ലഭിക്കുന്ന സാമ്പത്തിക സഹായങ്ങളുടെ ഉറവിടങ്ങള്‍ ഇല്ലാതാക്കുന്നില്ലെന്നും ഇതുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കാൻ പാകിസ്ഥാന്‍ വിസമ്മതിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് തീരുമാനം.
പാക് ധനമന്ത്രി ഷംഷാദ് അക്തർ കൂടി പങ്കെടുത്ത യോഗത്തിലാണ് പാകിസ്ഥാന് തിരിച്ചടിയായ ഈ തീരുമാനം. ഭീകരസംഘടനകളെ സഹായിക്കുന്നില്ലെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടയാന്‍ 26 ഇന കർമപദ്ധതികള്‍ തയ്യാറാക്കിയിട്ടുമുണ്ടെന്ന പാക് വാദം ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് അംഗീകരിച്ചില്ല.
ഗ്രേ ലിസ്‌റ്റില്‍ ആയതോടെ പാകിസ്ഥാന്റെ സാമ്പത്തികാവസ്ഥ തകിടം മറിയും. അന്താരാഷ്‌ട്ര തലത്തില്‍ പോലും അവര്‍ക്ക് കനത്ത തിരിച്ചടിയാകും ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന്റെ തീരുമാനം. ഒരു വർഷത്തേക്കാണ് ഈ ലിസ്റ്റിന് കാലാവധി ഉണ്ടാകുക.