''പാകിസ്ഥാനെ തകര്‍ക്കാന്‍ ഇന്ത്യ അഫ്‌ഗാനിസ്ഥാനെ ഉപയോഗിക്കുന്നു''

തിങ്കള്‍, 12 ജനുവരി 2015 (16:50 IST)
അഫ്‌ഗാനിസ്ഥാനെ മുന്നില്‍ നിര്‍ത്തി ഇന്ത്യ തങ്ങള്‍ക്കെതിരെ  പ്രവര്‍ത്തിക്കുന്നതായി പാകിസ്ഥാന്‍. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മുഖ്യഉപദേഷ്ടാവ് സർതാജ് അസീസാണ് ഇത്തരത്തിലുള്ള പ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുന്നത്.

ഉഭയകക്ഷി വിഷയങ്ങളിൽ ചർച്ച നടത്താൻ പാകിസ്ഥാന് അസ്വീകാര്യമായ വ്യവസ്ഥകളാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നത്. കാശ്‌മീര്‍ പ്രശ്‌നത്തില്‍ പാകിസ്ഥാന്‍ വിട്ടുവീഴ്ച ചെയ്യണം എന്ന നിലപാടാണ് ഇന്ത്യ പിന്തുടരുന്നത്. മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ് വരെ കാശ്‌മീർ പ്രശ്നത്തിൽ നിസഹകരണ മനോഭാവമാണ് ഇന്ത്യ തുടർന്നതെന്ന് സർതാജ് അസീസ് കുറ്റപ്പെടുത്തി.

അഫ്‌ഗാനിസ്ഥാനില്‍ ഇന്ത്യ ശക്തമായ ഇടപെടല്‍ നടത്തിയിരുന്നു എന്നാല്‍ ഇരു രാജ്യങ്ങളുടെയും മണ്ണ് പരസ്പരം ഭീകരതയ്ക്കായി ഉപയോഗിക്കില്ലെന്ന് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ കരാർ ഒപ്പിട്ട ശേഷം ഇന്ത്യയുടെ ഇടപെടൽ കുറഞ്ഞതായും സർതാജ് അസീസ് പറഞ്ഞു.  

ഭീകരതയ്ക്കെതിരായ പാകിസ്ഥാന്റെ പോരാട്ടം വ്യക്തമാണ്. മുൻകാലങ്ങളിൽ പാകിസ്ഥാൻ തയ്യാറാക്കിയ ദേശസുരക്ഷാ നയങ്ങൾ വേണ്ടവിധം ഫലം കണ്ടിരുന്നില്ലെന്നും. 2013 മേയിൽ നവാസ് ഷെരീഫ് സർക്കാർ അധികാരത്തിൽ വന്ന നാള്‍ മുതല്‍  ഇന്ത്യ അടക്കമുള്ള അയൽ രാജ്യങ്ങളുമായി നല്ല ബന്ധമാണ് പാകിസ്ഥാൻ ആഗ്രഹിക്കുന്നതെന്നും സർതാജ് അസീസ് പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക