വ്‌ളാഡിമിര്‍ പുടിന്‍ ഹിലരിയെ വേദനിപ്പിച്ചത് ഒബാമ ക്ഷമിക്കില്ല; റഷ്യക്കെതിരെ കടുത്ത നടപടിയെടുക്കാന്‍ യുഎസ് പ്രസിഡന്റ്

Webdunia
വെള്ളി, 16 ഡിസം‌ബര്‍ 2016 (09:50 IST)
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെടല്‍ നടത്തിയെന്ന ആരോപണത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഇടപെടുന്നു. റഷ്യക്കെതിരെ നടപടിയെടുക്കുമെന്ന് ഒബാമ വ്യക്തമാക്കി.
 
തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ സഹായിക്കാനായി ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ആയിരുന്ന ഹിലരി ക്ലിന്റന്റെ ഇ-മെയിലുകള്‍ റഷ്യ ഹാക്ക് ചെയ്തെന്നാണ് ആരോപണം. ഹിലരിയോടുള്ള വ്യക്തിവിരോധത്തെ തുടര്‍ന്ന് റഷ്യന്‍ പ്രസിഡന്റ് പുടിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇത്തരമൊരു നീക്കം നടന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 
 
അതേസമയം, റഷ്യയും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപും ഈ ആരോപണം നിഷേധിച്ചിരുന്നു. ആരോപണം രാഷ്‌ട്രീയപ്രേരിതവും പരിഹാസ്യവും ആണെന്നായിരുന്നു ട്രംപ് വിശേഷിപ്പിച്ചത്.
 
ഹിലരിയുടെ ഇ-മെയില്‍ ഹാക്ക് ചെയ്തതിനു പിന്നില്‍ റഷ്യന്‍ ഭരണകൂടവുമായി ബന്ധമുള്ളവരാണെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഇ-മെയില്‍ വിവാദം നിര്‍ണായകവുമായിരുന്നു.
 
അതേസമയം, ജനുവരി 20ന് ഒബാമ പ്രസിഡന്റ് സ്ഥാനം ഒഴിയുകയാണ്. ഈ ചെറിയ സമയത്തിനുള്ളില്‍ എന്ത് നടപടിയായിക്കും യു എസ് പ്രസിഡന്റ് റഷ്യക്കെതിരെ സ്വീകരിക്കുക എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
Next Article