ആണവായുധങ്ങള്‍ ആഘോഷവേളയില്‍ പൊട്ടിക്കാനല്ല, രാജ്യസുരക്ഷയ്ക്ക് വേണ്ടിയാണെന്ന് മുന്‍ പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫ്. മ്യാന്മര്‍ ആക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യൌം പാകിസ്ഥാനും തമ്മില്‍ ഉണ്ടായിട്ടുള്ള അഭിപൊരായഭിന്നതകള്‍ക്കിടെയാണ് മുഷാറഫിന്റെ പ്രതികരണം. പാകിസ്ഥാനോടുള്ള ഇന്ത്യയുടെ സമീപനം അങ്ങേയറ്റം പ്രകോപനപരമാണ്. അതേ നാണയത്തില്‍ തന്നെ പാകിസ്ഥാന്‍ തിരിച്ചടി നല്‍കണം. ഇന്ത്യയ്ക്ക് ഉചിതമായ തിരിച്ചടി നല്‍കാന്‍ പാകിസ്ഥാന്‍ ശ്രമിക്കുന്നില്ലെന്നും മുഷാറഫ് പറഞ്ഞു.
പാകിസ്ഥാന്റെ പരമാധികാരത്തെ വെല്ലുവിളിക്കാനോ ശക്തിയെ ചെറുതായി കാണാനോ ശ്രമിക്കേണ്ട. ലോകത്തെ പ്രധാന ആണവശക്തികളില്‍ ഒന്നാണ് പാകിസ്ഥാന്‍. ആണവായുധം പ്രയോഗിക്കാന്‍ പാകിസ്ഥാന് ഒരിക്കലും താല്‍പര്യമില്ല. എന്നാല്‍ രാജ്യത്തിന്റെ നിലനില്‍പ് തന്നെ അപകടത്തിലായാല്‍ മറ്റ് വഴികളില്ലാതാകുമെന്നും മുഷാറഫ് പറഞ്ഞു. പാകിസ്ഥാനെ ആണവമുക്തമാക്കാമെന്നാണ് ഇന്ത്യയുടെ സ്വപ്‌നം. ഇത് നടക്കില്ലെന്ന ആത്മവിശ്വാസം പാകിസ്ഥാന് എപ്പോഴുമുണ്ടാകണമെന്നും മുഷാറഫ് പറഞ്ഞു.
നരേന്ദ്രമോഡി പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ഇന്ത്യയുടെ സ്വഭാവത്തില്‍ മാറ്റം വന്നിട്ടുണ്ട്. ഒരാളിലേക്ക് മാത്രം തീരുമാനങ്ങള്‍ കേന്ദ്രീകരിക്കുന്നത് ഇരുരാജ്യങ്ങളും തമ്മിലുളള ഉഭയകക്ഷി ബന്ധത്തെപ്പോലും ദോഷകരമായി ബാധിക്കുമെന്നും മുഷാറഫ് മുന്നറിയിപ്പ് നല്‍കി.