നൈജീരിയയില്‍ സ്ഫോടന പരമ്പര: 118 മരണം

ബുധന്‍, 21 മെയ് 2014 (09:18 IST)
നൈജീരിയയിലുണ്ടായ ഇരട്ട ബോംബ്‌ സ്ഫോടനത്തില്‍ 118 പേര്‍ കൊല്ലപ്പെട്ടു. സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക്‌ ഗുരുതരമായി പരുക്കേറ്റു. നൈജീരിയയിലെ ജോസ്‌ സിറ്റിയിലെ മാര്‍ക്കറ്റിലും ആശുപത്രിക്കു സമീപവുമാണ്‌ സ്ഫോടനം ഉണ്ടായത്‌. 
 
ജോസ്‌ നഗരത്തിലെ തിരക്കേറിയ മാര്‍ക്കറ്റിലാണ്‌ ആദ്യ സ്ഫോടനമുണ്ടായത്‌. സ്ഫോടക വസ്‌തുക്കള്‍ നിറച്ച ട്രക്ക്‌ പൊട്ടിത്തെറിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടെ 20 മിനിട്ടിനു ശേഷം മറ്റൊരു സ്ഫോടനവും ഉണ്ടായി. 
 
മാര്‍ക്കറ്റിലെ ആശുപത്രിക്ക്‌ സമീപം മിനി ബസില്‍ സ്ഥാപിച്ചിരുന്ന ബോംബാണ്‌ പൊട്ടിത്തെറിച്ചത്‌. ഈ സ്ഫോടനത്തിലാണ്‌ കൂടുതല്‍ പേര്‍ക്കും ജീവഹാനിയുണ്ടായതെന്ന്‌ പൊലീസ്‌ അറിയിച്ചു. സ്ഫോടനമുണ്ടായി മണിക്കൂറുകള്‍ക്ക്‌ ശേഷവും തീ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ല. 
 
തീവ്രവാദി ആക്രമണമാണ്‌ ഉണ്ടായതെന്ന്‌ അധികൃതര്‍ സ്ഥിരീകരിച്ചു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്‌. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്‌. ഇസ്‌ലാമിക ഭീകര സംഘടനയായ ബൊക്കോ ഹറാമാണ്‌ ആക്രമണത്തിനു പിന്നിലെന്നാണ്‌ സൂചന. 

വെബ്ദുനിയ വായിക്കുക