ബിന്‍ലാദന്റെ വിശ്വസ്തന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു

ബുധന്‍, 22 ജൂലൈ 2015 (08:52 IST)
അമേരിക്കന്‍ സഖ്യസേനയുടെ വ്യോമാക്രമണത്തില്‍ അല്‍ ഖ്വയ്‌ദയുടെ പ്രധാന നേതാക്കളിലൊരാളും ഒസാമ ബിന്‍ലാദന്റെ അടുത്തയാളുമായിരുന്ന മുഹ്സിന്‍ അല്‍ ഫദ്ലി കൊല്ലപ്പെട്ടു. കഴിഞ്ഞ ജൂണ്‍ എട്ടിന് സിറിയന്‍ പട്ടണമായ സര്‍മദയില്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. ഇയാള്‍ മരിച്ച വിവരം പെന്റഗണ്‍ സ്ഥിരീകരിച്ചു.

സിറിയയിലെ അല്‍ ഖ്വയ്‌ദയുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനുമായി സര്‍മദയില്‍ എത്തിയതായിരുന്നു മുഹ്സിന്‍ അല്‍ ഫദ്ലി. ഇയാള്‍ വാഹനത്തില്‍ യാത്രചെയ്യുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് യുഎസ് സഖ്യസേന വ്യോമാക്രമണം നടത്തുകയായിരുന്നു. അല്‍ ക്വയ്ദ ബന്ധമുള്ള ഖൊറാസന്‍ ഗ്രൂപ്പിന്റെ നേതാവായിരുന്നു മുഹ്സിന്‍ അല്‍ ഫദ്ലി.

കൊടും ഭീകരനായ ഒസാമ ബിന്‍ലാദന്റെ വിശ്വസ്തനുമായിരുന്ന മുഹ്സിന്‍ അല്‍ ഫദ്ലി  വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തെക്കുറിച്ച് മുന്‍കൂട്ടി വിവരം ലഭിച്ച ചുരുക്കം നേതാക്കാളില്‍ ഒരാളാണ്. 2002ല്‍ കുവൈറ്റില്‍ വച്ച് യുഎസ് നാവികസേനയുടെ നേര്‍ക്കുണ്ടായ ആക്രമണത്തിലും ഇയാള്‍ പങ്കാളിയായിരുന്നുവെന്നും പെന്റഗണ്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക