പാകിസ്താനിൽ ഭീതിപടർത്തി എച്ച്ഐവി: 400 ലധികം കുട്ടികൾക്ക് എയിഡ്സ് സ്ഥിരീകരിച്ചു

വെള്ളി, 17 മെയ് 2019 (12:38 IST)
പാകിസ്താനിലെ ഒരു ജില്ലയിൽ 410 കുട്ടികളടക്കം 500 പേർക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ചു. ദക്ഷിണ പാകിസ്താനിലെ ലർകാന ജില്ലയിലാണ് അസാധാരണ സംഭവം ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുന്നത്.
 
എയിഡ്സ് രോഗിയായ ഒരു ഡോക്ടർ തന്റെ രോഗികളിലേയ്ക്ക് എയിഡ്സ് പകരാൻ കാ‍രണമാകുകയായിരുന്നു എന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുസാഫർ ഗംഗാരോ എന്ന ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾ മനഃപൂർവ്വം ഇങ്ങനെ ചെയ്തതാണോയെന്ന് പൊലീസ് പരിശോധിച്ചു വരികയാണ്.
 
ലർകാനയിലെ 13,800 പേരെ ഇതുവരെ പരിശോധനയ്ക്ക് വിധേയമാക്കിയെന്നും അതിൽ 40 കുട്ടികളിലും 100 മുതിർന്നവരിലും എച്ച്ഐവി ബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്നും സിന്ധ് പ്രവിശ്യയിലെ എയിഡ്സ് കണ്ട്രോൾ വിഭാഗം തലവൻ സിക്കന്ദർ മേമൻ പറഞ്ഞു.
 
ലർകാനയിലെ ഗ്രാമങ്ങളിൽ കുട്ടികൾക്ക് വിട്ടുമാറാത്ത പനിയുണ്ടായതിനെത്തുടർന്നാണ് സംഭവം ആരോഗ്യവകുപ്പിന്റെ ശ്രദ്ധയിൽപ്പെടുന്നത്. സംശയം തോന്നി ടെസ്റ്റ് നടത്തിയപ്പോൾ നിരവധി കുട്ടികളിൽ എച്ച്ഐവി ബാധ കണ്ടെത്തി. ഭീതി പടർന്നതോടെ ആളുകൾ കൂട്ടമായി ക്ലിനിക്കുകളിലേയ്ക്ക് ഒഴുകുകയായിരുന്നു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍