ബൈബിള്‍ വായിച്ചാല്‍ എയിഡ്സ് വരില്ല!

വെള്ളി, 20 ജൂണ്‍ 2014 (16:38 IST)
ദിവസവും ബൈബിള്‍ വായിക്കുന്നതിലൂടെ എയ്ഡ്സ്നെ പ്രതിരോധിക്കാമെന്ന് പുതിയ കണ്ടുപിടുത്തം. കേട്ടിട്ട് ഇതൊരു ആരോഗ്യ ലേഖനമാണെന്ന് കരുതിയാല്‍ തെറ്റി. ഇംഗ്ലണ്ടിലെ മാഞ്ച്സ്റ്ററിലെ 20 സ്കൂളുകലിലെ കുട്ടികള്‍ക്ക് പഠിക്കാനായി തയ്യാറാക്കിയ പാഠപുസ്തകത്തിലാണ് വിവാദമായ പരാമര്‍ശങ്ങളുള്ളത്.

സ്ത്രീകള്‍ ഭര്‍ത്താവിനോട് വിധേയരായിരിക്കണം. സ്വവര്‍ഗ്ഗപ്രേമം ആര്‍ജ്ജിച്ചെടുക്കുന്ന ഭാവമാണ്, പരിണാമസിദ്ധാന്തത്തിനു പകരം പ്രപഞ്ചത്തെ ദൈവം സ്രിഷ്ടിച്ചതാണെന്നും ഗര്‍ഭച്ഛിദ്രം പാപമാണെന്നും പാഠപുസ്തകം പഠിപ്പിക്കുന്നു.

ടെന്നസ്സി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആക്സിലിറേറ്റട് ക്രിസ്റ്റ്യന്‍ എഡ്യുക്കേഷന്‍ എന്ന പാഠ്യരീതി പിന്തുടരുന്ന സ്കൂളുകളില്‍ പഠിപ്പിക്കുന്നതിനായാണ് പാഠപുസ്തകം തയ്യാറാക്കിയത്. പാഠപുസ്തകം വിവാദമായതോടെ വിവാദങ്ങളെ പ്രതിരോധിക്കുകയാണ് സ്കൂള്‍ അധികൃതര്‍.

പാഠപുസ്തകങ്ങള്‍ പാഠ്യപദ്ധതിയുടെ ഒരു ഭാഗം മാത്രമാണെന്നും കുട്ടികള്‍ക്ക് പഠിപ്പിക്കുന്ന ഭാഗങ്ങള്‍ തങ്ങളുടേതായ രീതിയില്‍ വ്യഖ്യാനിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നുമാണ് സ്കൂള്‍ അധികൃതരുടെ വാദം.

സ്വവര്‍ഗ്ഗ വിവാഹം നിയമപരമായി അംഗീകരിച്ച രാജ്യംകൂടിയാണ് ബ്രിട്ടണ്‍. സംഭവത്തില്‍ വിവാദം കത്തിപ്പടരുകയാണ്. കുട്ടികളെ എല്ലാ സംസ്കാരങ്ങളേയും ബഹുമാനിക്കാന്‍ പഠിപ്പിക്കണമെന്നും സങ്കുചിതമനസ്ഥിതി പാടില്ലെന്നും വിദ്യാഭ്യാസ വകുപ്പിന്റെ വക്താവ് ഇതേപ്പറ്റി പ്രതികരിച്ചു.  


വെബ്ദുനിയ വായിക്കുക