അക്രമികള്‍ റാഞ്ചിയ വിമാനത്തിൽനിന്ന് 109 യാത്രക്കാരെ മോചിപ്പിച്ചതായി പ്രധാനമന്ത്രി

വെള്ളി, 23 ഡിസം‌ബര്‍ 2016 (19:38 IST)
ലിബിയയില്‍ നിന്നും യാത്രക്കാരുമായി പോകവേ റാഞ്ചികളുടെ ആവശ്യപ്രകാരം മാൾട്ടയിലിറക്കിയ ലിബിയൻ വിമാനത്തിൽനിന്ന് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 109 യാത്രക്കാരെ മോചിപ്പിച്ചു. ഏഴ് ജീവനക്കാർ ഉൾപ്പെടെ 118 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ബാക്കിയുള്ളവരേയും മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
 
ലിബിയയിൽ ആഭ്യന്തര സർവീസ് നടത്തുകയായിരുന്ന അഫ്രിഖിയ എയർവേയ്സിന്റെ എയർ ബസ് എ320 ആണ് റാഞ്ചികള്‍ തട്ടിയെടുത്തത്. തെക്കു പടിഞ്ഞാറന്‍ ലിബിയയിലെ സേബയില്‍ നിന്നും തലസ്ഥാനമായ ട്രിപ്പോളിയിലേക്ക്​ യാത്രതിരിച്ച വിമാനമാണിത്.
 
അതേസമയം, വിമാനം റാഞ്ചിയവരുടെ ആവശ്യങ്ങള്‍ എന്തെന്ന് വ്യക്തമല്ല. റാഞ്ചൽ സംഘത്തിൽ രണ്ടുപേരുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. തങ്ങളുടെ പക്കൽ ഗ്രനേ‍ഡുണ്ടെന്ന കാര്യം പറഞ്ഞ് അക്രമികൾ ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇവർ ഗദ്ദാഫി അനുകൂലികളാണെന്നാണ് സംശയം.

വെബ്ദുനിയ വായിക്കുക