മികച്ച ബന്ധമുണ്ടാകുമെന്ന് ട്രം‌പ്, മുൻ‌വിധികളില്ലാത്ത ചർച്ചയെന്ന് കിം; കണ്ണുനട്ട് ലോകരാഷ്ട്രങ്ങൾ

ചൊവ്വ, 12 ജൂണ്‍ 2018 (08:09 IST)
ലോകം ഉറ്റുനോക്കുന്ന ചരിത്ര കൂടിക്കാഴ്ചയ്ക്ക് സിങ്കപ്പൂരിൽ തുടക്കം. സിങ്കപ്പൂരിലെ സെന്റോസ ദ്വീപിലുള്ള കാപ്പെല്ല ഹോട്ടലില്‍ ഇരുപുറവുമിരുന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ മേധാവി കിം ജോങ് ഉന്നും അവരുടെ ചർച്ച ആരംഭിച്ചിരിക്കുകയാണ്. 
 
ലോകം ഉറ്റുനോക്കുന്നത് സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ പറക്കുമോയെന്നാണ്. പരസ്പരം ചിരിച്ചു ഹസ്തദാനം ചെയ്തും അഭിവാദ്യം ചെയ്തുമാണ് ഇരുവരും ചർച്ചയാരംഭിച്ചത്. ഉത്തര കൊറിയയുമായി മികച്ച ബന്ധമുണ്ടാകുമെന്നും അക്കാര്യത്തില്‍ സംശയമില്ലെന്നും ട്രംപ് പറഞ്ഞു. അതേസമയം, മുൻവിധികൾ ഒന്നുമില്ലാത്ത ചർച്ചയാണിതെന്ന് കിം പറഞ്ഞു.  
 
കൂടിക്കാഴ്ചവരെ കാര്യങ്ങളെത്താന്‍ വളരെ പ്രയാസപ്പെട്ടെന്നും പല തടസ്സങ്ങളുമുണ്ടായിരുന്നുവെന്നും കിം പറഞ്ഞു. ചരിത്രത്തിലാദ്യമായിട്ടാണ് യുഎസ് പ്രസിഡന്റും ഉത്തരകൊറിയൻ മേധാവിയും നേരിൽ കാണുന്നത്. ഫോണിൽ പോലും രണ്ടു രാജ്യങ്ങളിലെയും ഭരണാധികാരികൾ ഇതുവരെ സംസാരിച്ചിട്ടില്ല.  
 
ഉത്തരകൊറിയയുടെ പൂർണ ആണവനിരായുധീകരണമാണ് ലക്ഷ്യമെന്നു യുഎസ് ഇന്നലെ ആവർത്തിച്ചു. യുഎസുമായുള്ള ബന്ധത്തിൽ ഗുണപരമായ മാറ്റമുണ്ടാക്കാനും സ്വരാജ്യത്തു സമാധാനവും പുരോഗതിയും കൈവരിക്കാനും കിം ജോങ് ഉന്നിനുള്ള അപൂർവമായ അവസരമാണിത് – പോംപെ പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍