ജൂലിയന്‍ അസാഞ്ചെ ഇക്വഡോര്‍ എംബസി വിടുന്നു

തിങ്കള്‍, 18 ഓഗസ്റ്റ് 2014 (16:32 IST)
അമേരിക്കന്‍ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി ലോകരാജ്യങ്ങള്‍ക്ക് അമേരിക്കയുടെ കറുത്തമുഖം വെളിപ്പെടുത്തിയ വിക്കിലീക്‌സ് സ്‌ഥാപകന്‍ ജൂലിയന്‍ അസാഞ്ചെ ഇക്വഡോര്‍ എംബസി വിടുന്നു. തിങ്കളാഴ്‌ച എംബസിയില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ്‌ അസാഞ്ചെ ഇക്കാര്യം പ്രഖ്യാപിച്ചത്‌.

അമേരിക്കന്‍ ഭീഷണിയും നിയമ നടപടികളും ഭയന്നാണ് അസാഞ്ചെ ലണ്ടണിലെ ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയത്. നയതന്ത്ര സുരക്ഷ ഉള്ളതിനാലാണ് അസാഞ്ചെ എംബസിയുടെ സഹായന്‍ തേടിയത്. കഴിഞ്ഞ രണ്ടുവര്‍ഷമായി അസാഞ്ചെ എംബസിയിലാണ് കഴിഞ്ഞിരുന്നത്.

കടുത്ത ഹൃദ്‌രോഗം ഉള്‍പ്പെടെ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന അസാഞ്ചെ അറസ്‌റ്റ് ഭയന്ന്‌ ചികിത്സ തേടാന്‍ പോലും തയ്യാറായിരുന്നില്ല. എന്നാല്‍ എംബസി വിടുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട് എങ്കിലും എങ്ങൊട്ടാണ് പോവുക എന്ന് വ്യക്തമാക്കിയിട്ടില്ല. എംബസിയുടെ പുറത്തിറങ്ങിയാല്‍ അസാഞ്ചെ അറസ്‌റ്റ് ചെയ്യപ്പെടും. ഈ സാഹചര്യത്തിലാണ്‌ അസാഞ്ചെ എംബസി വിട്ട്‌ എങ്ങോട്ട്‌ നീങ്ങുമെന്ന്‌ വ്യക്‌തമാക്കാത്തത്‌.

2012 ഓഗസ്‌റ്റ് മുതല്‍ അസാഞ്ചെ ഇക്വഡോര്‍ എംബസിയിലാണ്‌ കഴിയുന്നത്‌. വിക്കിലീക്‌സിലൂടെ അമേരിക്കയുടെ നയതന്ത്ര രഹസ്യങ്ങളും സൈനിക രഹസ്യങ്ങളും പരസ്യമാക്കിയെന്നാണ്‌ അരോപണം. ഈ കേസില്‍ അസാഞ്ചെയെ അമേരിക്കയ്‌ക്ക് കൈമാറിയാല്‍ 35 വര്‍ഷം വരെ തടവ്‌ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്‌ അസാഞ്ചെയ്‌ക്കെതിരെ ആരോപിക്കപ്പെട്ടിരിക്കുന്നത്‌. ഇതിന്‌ പുറമെ സ്വീഡനില്‍ രജിസ്‌റ്റര്‍ ചെയ്‌ത ഒരു ലൈംഗിക പീഡന കേസിലും അസാഞ്ചെയ്‌ക്കെതിരെ അറസ്‌റ്റ് വാറണ്ട്‌ നിലവിലുണ്ട്‌.

വെബ്ദുനിയ വായിക്കുക