ബോംബ് ആക്രമണങ്ങളില്‍ ഐഎസ് ഭീകര്‍ എന്തുകൊണ്ട് മരിക്കുന്നില്ല ? കാരണം നിസാരം

Webdunia
തിങ്കള്‍, 6 ജൂണ്‍ 2016 (14:10 IST)
ലോകസമാധാനത്തിന് ഭീഷണിയായി ഇറാഖിലും സിറിയയിലുമായി പടര്‍ന്നു പന്തലിച്ച ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരരുടെ ശക്തി കുറയുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ടെങ്കിലും ഇവരെ ഇല്ലായ്‌മ ചെയ്യാന്‍ സൈന്യത്തിനായിട്ടില്ല. അഞ്ച് മാസത്തിനിടെ ഭീകരരുടെ എട്ട് ശതമാനം ശക്തികുറഞ്ഞതായിട്ടാണ് ഐഎച്ച്എസ് ജേന്‍സ് തയാറാക്കിയ പഠനത്തില്‍ വ്യക്തമാക്കുന്നത്.

ഇറാഖ്, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ 22 ശതമാനം ഭീകരരാണ് ഉണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ അഞ്ച് മാസത്തിനിടെ എട്ട് ശതമാനം ശക്തി കുറഞ്ഞതായിട്ടാണ് പഠനങ്ങള്‍ പറയുന്നത്. നാലില്‍ ഒന്ന് ഭീകരരെ നഷ്‌ടമായിട്ടുണ്ട്. 2015 ജനുവരി ഒന്നിനും ഡിസംബര്‍ പതിനഞ്ചിനും ഇടയില്‍ ഐഎസിന് അവരുടെ പ്രദേശത്തിന്റെ 14 % നിയന്ത്രണം നഷ്ടമായതായും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

അമേരിക്കയ്‌ക്ക് പിന്നാലെ റഷ്യയും ഐഎസിനെതിരെ ആക്രമണം അഴിച്ചു വിട്ടതാണ് ഭീകരരുടെ ശക്തി കുറയാന്‍ കാരണമായത്. അമേരിക്കയുടെ ആക്രമണത്തില്‍ നിന്ന് പലപ്പോഴും അതിജീവിച്ച ഐഎസ് റഷ്യയുടെ ശക്തമായ ആക്രമണത്തിന് മുന്നില്‍ തകരുകയായിരുന്നു. ഭീകരരുടെ സങ്കേതങ്ങളും വാഹനങ്ങളും തകര്‍ക്കാന്‍ റഷ്യക്ക് കഴിഞ്ഞതാണ് ഐഎസിന്റെ ശക്തി തകരുന്നതിന് പ്രധാന കാരണമായത്. ആള്‍‌നാശത്തിനൊപ്പം വാഹനങ്ങളും സങ്കേതങ്ങളും റഷ്യ നശിപ്പിച്ചു. ആയുധപ്പുരകളും പണം സൂക്ഷിച്ചുവച്ചിരുന്ന കെട്ടിടങ്ങളും തകര്‍ക്കപ്പെട്ടതോടെ ഐഎസിന്റെ സാമ്പത്തിക ശക്തി തകര്‍ന്നു.

അമേരിക്കയും സഖ്യകഷികളൂം ഭീകരരെ വിറപ്പിച്ചപ്പോള്‍ റഷ്യ ഭീകരുടെ ശക്തി തകര്‍ക്കുകയായിരുന്നു. പല പ്രദേശങ്ങളില്‍ നിന്നും ഭീകരരെ തുരുത്താന്‍ സൈന്യത്തിന് സാധിക്കുന്നുണ്ടെങ്കിലും മറ്റൊരിടത്ത് ഭീകരര്‍ ശക്തമായ നിയന്ത്രണം നേടുന്നതാണ് കാണുന്നത്. വ്യോമാക്രമണം ശക്തമായി തുടരുമ്പോഴും ഭീകരര്‍ മുന്നേറ്റങ്ങള്‍ നടത്തുന്നത് എങ്ങനെയെന്ന് സൈന്യം നടത്തിയ പരിശോധനയിലാണ് ഞെട്ടിപ്പിക്കുന്ന കാര്യം വ്യക്തമായത്. സൈന്യം വ്യോമാക്രമണം നടത്തുന്നതോടെ ഭീകരര്‍ ഭൂഗര്‍ഭ അറകളില്‍ ഒളിക്കുകയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ആക്രമണത്തില്‍ പരാജയം ഉറപ്പാണെന്ന തോന്നല്‍ ഉണ്ടാകുമ്പോഴും പിടിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് തോന്നുമ്പോഴുമാണ് ഭീകരര്‍ ഭൂഗര്‍ഭ അറകളില്‍ അഭയം പ്രാപിക്കുന്നത്. പ്രദേശത്തു നിന്നും സൈന്യം പിന്‍‌വലിയുമ്പോള്‍ തിരിച്ചെത്തുകയും മറ്റ് ഭാഗങ്ങളിലേക്ക് പോകുകയുമാണ് ഭീകരര്‍ ചെയ്യുന്നത്.

ഐഎസില്‍ നിന്ന് മോചിപ്പിച്ച ഇറാഖിലെ ഗ്രാമങ്ങളില്‍ സൈന്യം നടത്തിയ പരിശോധനയിലാണ് നിരവധി ഭൂഗര്‍ഭ അറകളും സങ്കേതങ്ങളും കണ്ടെത്തിയത്. ഇറാഖില്‍ ഐ എസിനെതിരെ പോരാടുന്ന കുര്‍ദീഷ് പെഷാമെര്‍ഗ സേനയാണ് തുരങ്കങ്ങള്‍ കണ്ടെത്തിയത്. ഭൂഗര്‍ഭ അറകളില്‍ സൌകര്യങ്ങള്‍ ഉണ്ടെന്നും പല തുരങ്കങ്ങളും മറ്റ് പ്രദേശത്തേക്ക് കടക്കാനും സാധിക്കുന്നതുമാണ്. ചില സങ്കേതങ്ങള്‍ മറ്റു ടണലുകളുമായി കൂട്ടിമുട്ടുന്നതും ഭീകരര്‍ക്ക് ആക്രമണങ്ങളില്‍ നിന്ന് അതിവേഗം രക്ഷപ്പെടുന്നതിനും സഹായിക്കുന്നതുമാണ്.

കഴിഞ്ഞ ദിവസം സൈന്യം പിടിച്ചെടുത്ത ഒരു ഗ്രാമത്തില്‍ പത്തടിയോളം താഴ്‌ചയുള്ള ടണലാണ് കണ്ടെത്തിയത്. തുരങ്കം നിര്‍മിക്കുമ്പോള്‍ പുറത്തെടുക്കുന്ന കല്ലുകളും മണലുകളും സമീപത്തെ ആളൊഴിഞ്ഞ വീടുകളിലാണ് ഭീകരര്‍ ഉപേക്ഷിക്കുന്നത്. ടണലുകളില്‍ ആഴ്‌ചകളോളം താമസിക്കാനുള്ള എല്ലാ സൌകര്യങ്ങളുമുണ്ട്. മരുന്നുകള്‍, ഭക്ഷണം, വെള്ളം, ആയുധങ്ങള്‍ എന്നിവയും സൂക്ഷിക്കുകയും ചെയ്യും.
Next Article