ഫലൂജയില്‍ ഐഎസ് തിരിച്ചടിക്കുന്നു; ആയിരത്തിലധികം സൈനികര്‍ ആശുപത്രിയില്‍, ജീവഹാനി സംഭവിച്ചവരുടെ എണ്ണം വ്യക്തമല്ല

ശനി, 4 ജൂണ്‍ 2016 (10:35 IST)
ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരരില്‍ നിന്ന് ഫലൂജ നഗരം തിരിച്ചു പിടിക്കാനുള്ള അന്തിമ പോരാട്ടത്തില്‍ ആയിരത്തിലധികം സൈനികര്‍ക്കു പരുക്കേറ്റതായി റിപ്പോര്‍ട്ട്. ആക്രമണങ്ങളില്‍ 1119 സൈനികര്‍ക്കാണു പരുക്കേറ്റത്. ഇറാക്ക് ആരോഗ്യവകുപ്പാണ് ഇതു സംബന്ധിച്ച് വിവരം പുറത്തുവിട്ടത്.

പരുക്കേറ്റ സൈനികരെ കഥിമിയ, അബു ഗരീബ്, അല്‍ കരാമ, അല്‍ കര്‍ഹ് തുടങ്ങിയ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം, ഐഎസിനെതിരെയുള്ള ആക്രമണത്തില്‍ എത്രപേര്‍ക്കു ജീവഹാനി സംഭവിച്ചെന്നുള്ളകാര്യം ആരോഗ്യ വകുപ്പ് വെളിപ്പെടുത്തിയിട്ടില്ല.

ഫലൂജ നഗരത്തിനുള്ളില്‍ 400നും 1000ത്തിനുമിടയില്‍  മികച്ച പരിശീലനം ലഭിച്ച ഐഎസ് ഭീകരര്‍ ഉണ്ടെന്നാണ് കണക്ക്. ബന്ദികള്‍ ഒളിച്ചുകടക്കുന്നത് തടയാന്‍ പ്രധാന പാതകളിലെല്ലാം ഭീകരര്‍ ചെക് പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. നഗരത്തില്‍നിന്ന് ഒഴിഞ്ഞുപോകുന്നവരെയും സൈന്യത്തിനെതിരെ യുദ്ധം ചെയ്യാത്തവരെയും തിരഞ്ഞുപിടിച്ച് കൊല്ലാന്‍ ഐഎസ് നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.

ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിന് 60 കിലോമീറ്റര്‍ പടിഞ്ഞാറുള്ള ഫലൂജ നഗരമിപ്പോള്‍ സൈന്യവും പൊലീസും  അടങ്ങുന്ന വന്‍ സേന വളഞ്ഞിരിക്കുകയാണ്. അതേസമയം, ജനങ്ങളെ മറയാക്കി നിര്‍ത്തി പോരാടാനാണ് ഭീകരര്‍ ശ്രമിക്കുന്നത്. ഐഎസില്‍നിന്ന് കടുത്ത വെല്ലുവിളിയാണ് നേരിടുന്നതെന്ന് ലഫ് ജനറല്‍ അബ്ദുല്‍ വഹാബ് അല്‍ സാദി നേരത്തെ വ്യക്തമാക്കിയിരുന്നു. നഗരത്തിലെങ്ങും വെടിവപ്പും സ്‌ഫോടനവും രൂക്ഷമായിരിക്കുകയാണ്. എത്രയും പെട്ടെന്ന് നഗരം വിട്ടു പോകാന്‍ സൈന്യം ജനങ്ങള്‍ ലഘുലേഖകള്‍ വഴി നിര്‍ദേശം നല്‍കി കഴിഞ്ഞു.

ഇറാഖി സൈന്യത്തോടൊപ്പം തീവ്രവാദവിരുദ്ധ സര്‍വിസും അന്‍ബാര്‍ പൊലീസും ഓപറേഷനില്‍ പങ്കെടുക്കുന്നുണ്ട്. പോരാട്ടം രൂക്ഷമായതോടെ 3000ത്തോളം ജനങ്ങള്‍ മേഖലയില്‍നിന്ന് പലായനം ചെയ്തു. അതേസമയം, 50,000 ത്തോളം പേര്‍ പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം.

വെബ്ദുനിയ വായിക്കുക