ഐഎസ് ഭീകരരുടെ കുടുംബത്തെ തനിക്ക് കൊല്ലണം: ഡൊണാൾഡ് ട്രംപ്

Webdunia
ബുധന്‍, 16 ഡിസം‌ബര്‍ 2015 (11:06 IST)
വിവാദ പ്രസ്‌താവനകള്‍ക്ക് പേരുകേട്ട ഡൊണാൾഡ് ട്രംപ് വീണ്ടും രംഗത്ത്. ഇസ്‍ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരരുടെ കുടുംബത്തെ തനിക്ക് കൊല്ലണമെന്നായിരുന്നു അദ്ദേഹത്തിന്റെ പുതിയ പ്രസ്‌താവന. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു സംവാദത്തിലാണ് ട്രംപ് വിവാദപരമായ പ്രസ്‌താവന നടത്തിയത്.

സംവാദത്തിനിടെ ട്രംപിന്റെ പ്രസ്‌താവനയ്‌ക്കെതിരെ സംവാദത്തില്‍ പങ്കെടുത്തവര്‍ അമര്‍ഷം പ്രകടിപ്പിക്കുകയും ചെയ്‌തു. ജനീവ കൺവെൻഷന്‍ നിയമപ്രകാരം ഭീകരരുടെ ബന്ധുക്കളെ ഉപദ്രവിക്കാന്‍ പാടില്ലെന്നായിരുന്നു സംവാദത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞത്. എന്നാല്‍ അതിനെതിരെയും ട്രംപ് ആഞ്ഞടിച്ചു,  അവർക്ക് നമ്മളെ കൊല്ലാം ആക്രമിക്കാം, എന്നാല്‍ നമ്മൾക്ക് അവരെ കൊല്ലാൻ പാടില്ലയോ എന്നാണ് ഇതിന് മറുപടിയായി അദ്ദേഹം ചോദിച്ചത്.

ഐഎസ് ഭീകരര്‍ അമേരിക്കയിൽ നിന്നും ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനായി ഇന്റർനെറ്റ് ഉപയോഗിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഐഎസ് ശക്തി കേന്ദ്രങ്ങളായ സിറിയയിലെയും ഇറാഖിലെയും ഇന്റർനെറ്റ് സൗകര്യം റദ്ദാക്കണമെന്നും ട്രംപ് പറഞ്ഞു.