പതിനെട്ടുകാരിക്ക് എണ്ണായിരം യുഎസ് ഡോളര്‍ മാത്രം; ഐഎസ് ലൈംഗിക അടിമകളെ സോഷ്യൽ മീഡിയ വഴി വിൽക്കുന്നു

തിങ്കള്‍, 30 മെയ് 2016 (09:46 IST)
സാമ്പത്തിക തകര്‍ച്ച രൂക്ഷമായതിനെത്തുടര്‍ന്ന് ഇസ്‍ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരര്‍ ലൈംഗിക  അടിമകളാക്കപ്പെട്ട പെണ്‍കുട്ടികളെ ഓണ്‍ലൈനിലൂടെ വില്‍ക്കാന്‍ നടത്താന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. പ്രായർപൂർത്തിയായ പെൺകുട്ടികളുടെ ചിത്രങ്ങള്‍ ഫേസ്‌ബുക്കില്‍ പോസ്റ്റു ചെയ്താണ് വിൽപ്പനയെന്നാണ് റിപ്പോർട്ട്. ‘ഓഫർ’ എന്ന ടാഗ് ലൈനോടെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത്.

മേയ് 20നാണ് പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. പതിനെട്ട് വയസ് തോന്നിക്കുന്ന രണ്ടു പെണ്‍കുട്ടികളുടെ മുഖം മറച്ച ചിത്രങ്ങള്‍ അബു അസാദ് അല്‍മാനി എന്ന ഭീകരന്‍ ഫേസ്‌ബുക്കില്‍ ഇടുകയായിരുന്നു. ഓഫര്‍ എന്ന ടാഗ് ലൈനും ഇവരുടെ വിലയും കൂടെയുണ്ടായിരുന്നു. പിന്നീട് ചിത്രം പിന്‍‌വലിക്കുകയും ചെയ്‌തു.

എണ്ണായിരം യുഎസ് ഡോളറാണ് യുവതികൾക്ക് ഐഎസ് നിശ്ചയിച്ച വില. നൂറോളം പെണ്‍കുട്ടികളെ ഇത്തരത്തില്‍ വില്‍ക്കാനാണ് ഐ എസ് തീരുമാനിച്ചിരിക്കുന്നത്. പത്ത് വയസുമുതലുള്ള നിരവധി പെണ്‍കുട്ടികള്‍ ഐഎസിന്റെ വില്‍‌പ്പന ചരക്കായി മാറുകയാണ്. ക്രൂരമായ ലൈംഗിക പരീക്ഷണങ്ങള്‍ക്ക് വിധേയരായ പെണ്‍കുട്ടികളെയാണ് ഐഎസ് ഇപ്പോള്‍ വില്‍ക്കുന്നത്. ഭീകരർ അടിമകളാക്കിയ പെൺകുട്ടികളുടെ അവസ്ഥ വളരെ ദയനീയമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

വെബ്ദുനിയ വായിക്കുക