ഇറാഖില്‍ വ്യോമാക്രമണത്തിന് അമേരിക്ക തയ്യാറെടുക്കുന്നു
വെള്ളി, 8 ഓഗസ്റ്റ് 2014 (11:25 IST)
ഇറാഖിലെ സുന്നി വിമത തീവ്രവാദികളായ ഐഎസ്‌ഐഎസിനെതിരെ അമേരിക്ക വ്യോമാക്രമണം നടത്താന്‍ തയ്യാറെടുക്കുന്നു.
വടക്കന്‍ ഇറാഖിലെ ന്യൂനപക്ഷങ്ങളെയോ അമേരിക്കന്‍ പൗരന്മാരെയോ ആക്രമിച്ചാല്‍ വിമതര്‍ക്കെതിരെ വ്യോമാക്രമണം നടത്താന്‍ മടിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയാണ് അറിയിച്ചത്.
അതേ സമയം ഇറാഖിലേക്ക് സേനയേ അയക്കുകയില്ലെന്ന് ഒബാമ അറിയിച്ചു. വ്യാഴാഴ്ച ദേശീയസുരക്ഷാ ഉപദേശകരമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഒബാമ ഇക്കാര്യം വ്യക്തമാക്കിയത്.
സുന്നി തീവ്രവാദികളുടെ അന്ത്യശാസനം ഭയന്ന് ഇറാഖിലെ മറ്റു മതസ്ഥര്‍ സ്വന്തം പ്രാണനും സംസ്കാരവും സംരക്ഷിക്കുന്നതിനായി പലായം ചെയ്തു തുടങ്ങിയതോടെയാണ് അമേരിക്ക പ്രസ്താവന നടത്തിയത്.
ഇറാഖിലെ ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായ ഖാറഖോഷും സമീപ പ്രദേശങ്ങളും സുന്നി വിമതര്‍ കീഴടക്കിയതിനെത്തുടര്‍ന്ന് കുര്‍ദ് സ്വയംഭരണപ്രദേശത്തേക്ക് കൂട്ടപ്പലായനമാണ് നടക്കുന്നത്. ഇവിടെ നിന്ന് കുര്‍ദിഷ് പെഷ്മര്‍ഗ സേന പിന്‍വാങ്ങിയതിനെത്തുടര്‍ന്നാണ് ഒറ്റ രാത്രികൊണ്ട് പ്രദേശം സുന്നിവിമതരുടെ നിയന്ത്രണത്തിലായത്.
സുന്നി വിമതരുടെ പ്രധാന കേന്ദ്രമായ മൊസൂളിനും കുര്‍ദിഷ് അര്‍ധ സ്വയംഭരണ പ്രദേശത്തിന്റെ തലസ്ഥാനമായ അര്‍ബിലിനും ഇടയിലുള്ള ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമാണ് ഖാറഖോഷ്. ഇവിടത്തെ ജനസംഖ്യ അമ്പതിനായിരത്തോളം വരും.
കഴിഞ്ഞ കുറേനാളുകളായി ഈ പ്രദേശം കുര്‍ദുകളുടെ നിയന്ത്രണത്തിലായിരുന്നു. ക്രിസ്ത്യാനികളും ശബക് ഷിയ ന്യൂനപക്ഷവും അധിവസിക്കുന്ന താല്‍ ഖൈഫില്‍ നിന്നും ജനങ്ങള്‍ ഒഴിഞ്ഞുപോയിട്ടുണ്ട്. വിമതര്‍ ക്രിസ്ത്യന്‍ പള്ളികള്‍ കൈയേറി കുരിശുകള്‍ നീക്കിയതായും 1500 ഓളം കൈയെഴുത്ത് പ്രതികള്‍ നശിപ്പിച്ചതായും കാല്‍ദിയന്‍ പാത്രിയര്‍ക്കീസ് ലൂയിസ് സാക്കോ പറഞ്ഞു.