ഇന്തോനേഷ്യന്‍ യാത്രാവിമാനം തകര്‍ന്നു വീണു; 54 യാത്രക്കാരും മരിച്ചു

തിങ്കള്‍, 17 ഓഗസ്റ്റ് 2015 (08:57 IST)
ഇന്തോനേഷ്യന്‍ യാത്രാവിമാനം തകര്‍ന്നു വീണ് 54 മരണം. കിഴക്കന്‍ ഇന്തോനേഷ്യയില്‍ നിന്ന് യാത്രക്കാരുമായി പറന്ന വിമാനം കാണാതാകുകയായിരുന്നു. പാപ്പുവ പ്രവിശ്യയുടെ പടിഞ്ഞാറുള്ളഗ്രാമത്തിലാണ് വിമാനം തകര്‍ന്നു വീണതെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
തകര്‍ന്നു വീണ വിമാനത്തിനായി തിരച്ചില്‍ നടത്തുന്ന വിമാനം, തകര്‍ന്ന വിമാനത്തിന്റെ അവശിഷ്‌ടങ്ങള്‍ കണ്ടെത്തി‍. ഇന്തോനേഷ്യയുടെ കിഴക്കന്‍ പ്രവിശ്യയായ പാപ്പുവയിലെ ഒരു മലകമുകളില്‍ തകര്‍ന്ന വിമാനത്തിന്റെ അവശിഷ്‌ടങ്ങള്‍ കണ്ടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.
 
താങ്കോക്ക് മലയ്ക്കു മുകളില്‍വെച്ച് വിമാനം പൊട്ടിത്തകരുന്നതു കണ്ടതായി സമീപവാസികളാണ് അധികൃതരെ അറിയിച്ചത്. വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെടാനുള്ള സാധ്യതയില്ലെന്നാണ് സൂചന. തിരച്ചില്‍ തുടങ്ങിയെങ്കിലും രാത്രിയായതോടെ നിര്‍ത്തി. 
 
കഴിഞ്ഞ എട്ടു മാസത്തിനുള്ളില്‍ ഇന്തോനേഷ്യ നേരിടുന്ന മൂന്നാമത്തെ വിമാനാപകടം ആണിത്. 
 
പാപ്പുവ പ്രവിശ്യയുടെ തലസ്ഥാനമായ ജയപുര പട്ടണത്തില്‍നിന്ന് ഓക്‌സിബില്‍ എന്ന പര്‍വതപ്രദേശ പട്ടണത്തിലേക്കു പുറപ്പെട്ട ട്രിഗാന എയര്‍ സര്‍വ്വീസ് ഓപ്പറേറ്റ് ചെയ്യുന്ന എ ടി ആര്‍ 42-300 വിമാനമാണ് ഞായറാഴ്ച കാണാതായത്. കാണാതാകുമ്പോള്‍ വിമാനത്തില്‍ 44 മുതിര്‍ന്ന യാത്രക്കാരും അഞ്ചു കുട്ടികളും അഞ്ചു ജീവനക്കാരുമായിരുന്നു ഉണ്ടായിരുന്നത്. 

വെബ്ദുനിയ വായിക്കുക